l o a d i n g

ഗൾഫ്

ഇസ്രായേല്‍ വ്യോമാക്രമണം ശക്തം: വെടിനിര്‍ത്തല്‍ നീട്ടിയതിനിടെയും തെക്കന്‍ ലെബനനില്‍നിന്ന് വന്‍ ജനപാലായനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 16, 2026


ബെയ്‌റൂട്ട്: ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതിന് തൊട്ടുപിന്നാലെ, തെക്കന്‍ ലെബനനില്‍ പരമ്പര വ്യോമാക്രമണങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ വാദമെങ്കിലും, ഒമ്പതോളം ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ അതിര്‍ത്തിയിലെ പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ വിശ്വാസ്യതയെക്കുറിച്ച് കടുത്ത ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.

ശനിയാഴ്ച മാത്രം അഞ്ചിലധികം ഗ്രാമങ്ങളില്‍ ആക്രമണമുണ്ടായതായി ലെബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (NNA) റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരു ഗ്രാമം അതിര്‍ത്തിയില്‍നിന്ന് 50 കിലോമീറ്ററിലധികം ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആക്രമണത്തെത്തുടര്‍ന്ന് തെക്കന്‍ നഗരമായ സിദോനിലേക്കും തലസ്ഥാനമായ ബെയ്‌റൂട്ടിലേക്കും ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്.

ഏപ്രില്‍ 17-ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ വെള്ളിയാഴ്ചയാണ് 45 ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചത്. എന്നാല്‍ കരാര്‍ നിലവില്‍ വന്നതുമുതല്‍ നിരവധി ലംഘനങ്ങളാണ് ഇരുഭാഗത്തുനിന്നും ഉണ്ടാകുന്നത്. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് പുറമെ ലെബനന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ കൈയടക്കത്തിലാണ്. മറുവശത്ത്, തെക്കന്‍ ലെബനനിലെ ഇസ്രായേല്‍ സൈന്യത്തിന് നേരെയും വടക്കന്‍ ഇസ്രായേലിലും ഹിസ്ബുള്ളയും നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

യുദ്ധം ആരംഭിച്ചതുമുതല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ലെബനനില്‍ 2,900-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം മാത്രം നാനൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇതേ കാലയളവില്‍ തെക്കന്‍ ലെബനനില്‍ 19 ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു.

'തെക്കന്‍ ലെബനനിലെ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണവും നാശനഷ്ടങ്ങളും തുടരുമ്പോള്‍ ഇതിനെ എങ്ങനെ വെടിനിര്‍ത്തല്‍ എന്ന് വിളിക്കും?' എന്ന് ബെയ്‌റൂട്ടിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന അലി സലാമേ (60) ചോദിക്കുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധമില്ലെങ്കിലും, കഴിഞ്ഞ മാസം വാഷിംഗ്ടണില്‍ നടന്ന ചരിത്രപരമായ ആദ്യ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനമായത്. എന്നാല്‍ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഈ സമാധാന ചര്‍ച്ചകളെ ശക്തമായി എതിര്‍ക്കുകയാണ്. ശനിയാഴ്ച അതിര്‍ത്തി നഗരമായ ഖിയാമില്‍ ഇസ്രായേല്‍ സൈന്യത്തിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നാണ് ഹിസ്ബുള്ളയുടെ വാദം.

വെള്ളിയാഴ്ച ഹരൂഫ് നഗരത്തില്‍ ഹിസ്ബുള്ളയുമായി ബന്ധമുള്ള ഇസ്ലാമിക് ഹെല്‍ത്ത് കമ്മിറ്റിക്ക് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് പാരാമെഡിക്കല്‍ ജീവനക്കാരുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. പുരാതന നഗരമായ ടൈറിലും ഇസ്രായേല്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. തെക്കന്‍ ലെബനനെ ജനശൂന്യമാക്കാനും പ്രദേശം കൈയടക്കാനുമാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് പ്രാദേശികവാസികള്‍ ആരോപിക്കുന്നു.

അതേസമയം, യു.എസ് മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളെ ലെബനന്‍ പ്രതിനിധി സംഘം സ്വാഗതം ചെയ്തു. 45 ദിവസത്തെ സമയപരിധി പൗരന്മാര്‍ക്ക് ആശ്വാസമേകുമെന്നും, രാജ്യത്തെ ഭരണസംവിധാനങ്ങളെ ശക്തിപ്പെടുത്തി ശാശ്വത സമാധാനത്തിലേക്ക് നയിക്കാന്‍ സഹായിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ച് 2-ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതോടെയാണ് ലെബനന്‍ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026