റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കൊടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിെന്റ മോചനത്തിനായുള്ള നിയമനടപടികള്‍ അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് റിയാദിലെ സഹായസമിതി അറിയിച്ചു. ജയില്‍ മോചനത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട അന്തിമ കടമ്പയായ എക്‌സിറ്റ് വിസ ഏതു നിമിഷവും ലഭ്യമായേക്കുമെന്ന്് സമിതി സൂചിപ്പിച്ചു.
വിസ ലഭിക്കുന്ന മുറയ്ക്ക് ഒട്ടും സമയം കളയാതെ എത്രയും വേഗം ജന്മനാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകള്‍ റിയാദിലെ ഇന്ത്യന്‍ എംബസി ഇതിനോടകം തന്നെ പൂര്‍ണ്ണമായും സജ്ജമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒന്നടങ്കം കാത്തിരിക്കുന്ന ആ ശുഭവാര്‍ത്ത പ്രവാസി ലോകത്തേക്ക് ഉടന്‍ തന്നെയെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
സൗദി അറേബ്യയില്‍ ബലിപ്പെരുന്നാള്‍ അവധി ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ഔദ്യോഗിക നടപടികള്‍ക്ക് നേരിയ താമസം നേരിടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എങ്കിലും, ഈ അവധിക്കാലത്തും നടപടിക്രമങ്ങള്‍ തടസ്സമില്ലാതെ വേഗത്തിലാക്കാന്‍ ഊര്‍ജ്ജിതമായ ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
ജയില്‍ അധികൃതരുമായും ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായും റിയാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും, കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. അന്തിമ അനുമതികള്‍ വൈകാതെ ലഭ്യമാക്കി റഹീമിന്റെ നാട്ടിലേക്കുള്ള മടക്കം എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
Related News