l o a d i n g

സാംസ്കാരികം

നബിമാരായ ഇബ്രാഹീമും മുഹമ്മദും: സമാനതകള്‍ നിരവധി

ഇബ്രാഹീം ശംനാട്

Thumbnail
Publisher By     BY - DESK
May 22, 2026

ലോകത്തിലെ മൂന്ന് സെമിറ്റിക് മതങ്ങള്‍ ഒരുപോലെ ആദരിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന പ്രവാചകന്മാരില്‍ പ്രമുഖനാണ് ഇബ്രാഹീം നബി (പ്രവാചകന്‍ അബ്രാഹാം). 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖിലെ ഊര്‍ പ്രദേശത്താണ് അദ്ദേഹം ജനിച്ചതെങ്കില്‍, അറേബ്യയിലെ മക്കയില്‍ ക്രിസ്ത്വബ്ദം 571-ലായിരുന്നു മുഹമ്മദ് നബിയുടെ ജനനം. ചരിത്രത്തിലെ ഈ രണ്ട് മഹാ പ്രവാചകന്മാരുടെ ജീവിതത്തില്‍ നിരവധി സമാനതകള്‍ കാണാം.

1. ഭൂമിശാസ്ത്രപരമായി വിദൂര പ്രദേശങ്ങളിലാണ് രണ്ട് പ്രവാചകന്മാരും ജനിച്ചതെങ്കിലും, മുഹമ്മദ് നബിയുടെ കുടുംബ പാരമ്പര്യത്തിന്റെ താവഴി എത്തിച്ചേരുന്നത് ഇസ്മായില്‍ നബിയിലൂടെ ഇബ്രാഹീം നബിയില്‍ തന്നെയാണ്. ഇബ്രാഹീം നബിയുടെ മറ്റൊരു താവഴിയില്‍ ജനിച്ച പ്രവാചകനായിരുന്നു ഇസ്ഹാഖ്. യഅ്ഖൂബ് ഉള്‍പ്പെടെയുള്ള പ്രവാചകന്മാര്‍ ഈ പരമ്പരയിലൂടെയാണ് കടന്നുവന്നത്.

2. പ്രപഞ്ചത്തിന് ഒരൊറ്റ സൃഷ്ടാവും ആരാധ്യനും മാത്രമേയുള്ളൂ എന്ന ഏകദൈവ ആദര്‍ശത്തിലേക്കാണ് (തൗഹീദ്) രണ്ട് പ്രവാചകന്മാരും ജനങ്ങളെ ക്ഷണിച്ചത്. ഈ ആദര്‍ശത്തിന്റെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഇരു പ്രവാചകന്മാരും തയ്യാറായിരുന്നില്ല.

3. ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ ഇബ്രാഹീം നബിക്കും മുഹമ്മദ് നബിക്കും തങ്ങളുടെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അധികാര വര്‍ഗ്ഗത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകളും പീഡനങ്ങളും നേരിടേണ്ടി വന്നു. എന്നാല്‍ അതൊന്നും അവരെ തങ്ങളുടെ നിയോഗിത ദൗത്യത്തില്‍ നിന്ന് പിന്മാറ്റാന്‍ പ്രേരിപ്പിച്ചില്ല.

4. ഇബ്രാഹീം നബിയുടെ പ്രാര്‍ത്ഥനയുടെ ഫലമായി അല്ലാഹു നിയോഗിച്ച പ്രവാചകനായിരുന്നു മുഹമ്മദ് നബി. ആ പ്രാര്‍ത്ഥന ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു:
'ഞങ്ങളുടെ നാഥാ! നീ അവര്‍ക്ക് അവരില്‍ നിന്ന് തന്നെ ഒരു ദൂതനെ നിയോഗിക്കേണമേ! അവര്‍ക്ക് നിന്റെ വചനങ്ങളോതിക്കേള്‍പ്പിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ദൂതനെ. നിസ്സംശയം, നീ പ്രതാപിയും യുക്തിജ്ഞനും തന്നെ.' (അല്‍-ബഖറ: 129)

5. ' മുഹമ്മദ് നബിയുടെ സമുദായം അറിയപ്പെടുന്നത് മുസ്ലിം എന്ന പേരിലാണ്. ആ പേരിന്റെ ഉത്ഭവം ഇബ്രാഹീം നബിയുടെ പ്രാര്‍ത്ഥനയില്‍ നിന്നാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരേണമേ!...' (അല്‍-ബഖറ: 128)

6. ഇസ്ലാമിലെ നിര്‍ബന്ധ ആരാധനാ കര്‍മ്മങ്ങളെല്ലാം ഇബ്രാഹീം മില്ലത്തിനോട് (പാരമ്പര്യത്തോട്) കടപ്പെട്ടിരിക്കുന്നു. ഹജ്ജിലെ ത്വവാഫ്, സഅ്യ്, ജംറയിലെ കല്ലേറ്, ബലി മൃഗത്തെ അറുക്കല്‍ തുടങ്ങിയ കര്‍മ്മങ്ങള്‍ ഇതിന് ഉദാഹരണമാണ്. നമസ്‌കാരം, വ്രതം, സകാത്ത് എന്നിവ വ്യത്യസ്ത രൂപങ്ങളിലാകാമെങ്കിലും ഇബ്രാഹീം നബിയുടെ കാലം മുതല്‍ക്കേ അനുഷ്ഠിച്ചുവരുന്ന ആരാധനകളാണ്.

7. ഇസ്ലാമില്‍ അഞ്ച് നേരം നിര്‍ബന്ധമായി അനുഷ്ഠിക്കുന്ന നമസ്‌കാരത്തില്‍, മുഹമ്മദ് നബിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതുപോലെ തന്നെ ഇബ്രാഹീം നബിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു (ഇബ്രാഹീമീ സ്വലാത്ത്). ഇത് ഇരു പ്രവാചകന്മാര്‍ തമ്മിലുള്ള ആത്മബന്ധത്തെ ദൃഢമാക്കുന്നു.

8. രണ്ട് പ്രവാചകന്മാരുടെയും ജീവിതത്തിലെ സുപ്രധാന സംഭവമായിരുന്നു ഹിജ്‌റ. ഇബ്രാഹീം നബി ഊര്‍ പ്രദേശത്ത് നിന്ന് കന്‍ആനിലേക്കും അവിടെ നിന്ന് മക്കയിലുമെത്തുകയും കഅ്ബ പുനര്‍നിര്‍മ്മിക്കുകയും ചെയ്തപ്പോള്‍, മുഹമ്മദ് നബി മക്കയില്‍ നിന്ന് സൗര്‍ ഗുഹയില്‍ തങ്ങി മദീനയിലേക്ക് ഹിജ്‌റ പോവുകയും അവിടെ ഒരു പുതിയ ഇസ്ലാമിക സമൂഹത്തെ കെട്ടിപ്പടുക്കുകയും ചെയ്തു.

9. വിശുദ്ധ ഖുര്‍ആനിലെ ഒരു അധ്യായത്തിന്റെ പേര് 'ഇബ്രാഹീം' എന്നും മറ്റൊരു അധ്യായത്തിന്റെ പേര് 'മുഹമ്മദ്' എന്നുമാണ്. ഖുര്‍ആനില്‍ ഇബ്രാഹീം എന്ന പേര് 65 തവണ പരാമര്‍ശിച്ചപ്പോള്‍, മുഹമ്മദ് നബിയുടെ പേര് (അഹ്‌മദ് എന്ന അപരനാമം ഉള്‍പ്പെടെ) അഞ്ച് പ്രാവശ്യമാണ് വന്നത്. ദൃഢമനസ്‌കരായ 'ഉലുല്‍ അസ്മ്' എന്ന സവിശേഷ പദവിയുള്ള അഞ്ച് പ്രവാചകന്മാരുടെ പട്ടികയില്‍ ഈ രണ്ട് പ്രവാചകന്മാരും ഉള്‍പ്പെടുന്നു.

10. അചഞ്ചലമായ സത്യവിശ്വാസം നെഞ്ചേറ്റിയവരായിരുന്നു രണ്ട് പ്രവാചകന്മാരും. വിനയവും ദയയും കാരുണ്യവും ഉദാരതയും അവരുടെ സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. രണ്ട് പ്രവാചകന്മാര്‍ക്കും അല്ലാഹു ദൈവിക സനദേശങ്ങള്‍ അടങ്ങിയ ഏടുകളും ഗ്രന്ഥങ്ങളും അവതരിപ്പിച്ചു നല്‍കി.

ചുരുക്കത്തില്‍, ഇബ്രാഹീം നബിയോടും അദ്ദേഹം പ്രതിനിധാനം ചെയ്ത ആദര്‍ശത്തോടും ഏറ്റവും അടുത്ത് നില്‍ക്കുന്നത് മുഹമ്മദ് നബിയും അദ്ദേഹം പ്രബോധനം ചെയ്ത സന്ദേശവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ഇപ്രകാരം വ്യക്തമാക്കുന്നു:

'ഇബ്രാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. നേര്‍വഴിയിലുള്ള മുസ്ലിമായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല. തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് ഏറ്റവും അടുത്തവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ പ്രവാചകനും (മുഹമ്മദ് നബി) അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു.' (ആലുഇംറാന്‍: 67,68)

ഇബ്രാഹീം ശംനാട്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026