l o a d i n g

സാംസ്കാരികം

വായനയെന്ന സൗഖ്യം

നിഖില സമീര്‍

Thumbnail
Publisher By     BY - DESK
June 23, 2026

അക്ഷരങ്ങള്‍ക്ക് ഹൃദയവും ശബ്ദവുമുണ്ട്; ആത്മാവറിഞ്ഞ് വായിച്ചാല്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന ഒന്ന്. നമ്മെ ശാന്തിയിലേക്ക് നയിക്കുന്ന ഒരു അത്ഭുതമാണിത്.

''നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍ വായിക്കുക'' എന്ന ആഹ്വാനത്തില്‍ തുടങ്ങുന്ന വായന, അറിവിലേക്കും ആത്മജ്ഞാനത്തിലേക്കും ഹീലിംഗിലേക്കും മനുഷ്യനെ നയിക്കുന്നു. ''എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകങ്ങളുണ്ട്... അവനവനോന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്'' എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ, പുസ്തകങ്ങള്‍ക്കൊപ്പം നമ്മള്‍ വായിക്കേണ്ടത് അവനവനെയും നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെയുമാണ്. ഈ വായനയാണ് മനസ്സിന് ആശ്വാസവും ജീവിതത്തിന് ഹീലിംഗും നല്‍കുന്നത്.

പ്രകൃതിയെപ്പോലെ തന്നെ പ്രകൃതങ്ങളെയും വായിക്കാന്‍ നമുക്ക് കഴിയണം. ഏതൊരു വായനയേക്കാളും യാത്രയേക്കാളും കഠിനമാണ് അവനവന്റെ ഉള്ളിലേക്കുള്ള വായനയും യാത്രയും. അവനവനെ, ചുറ്റുമുള്ള പ്രകൃതിയെ, ഒപ്പമുള്ളവരെ ഇവരെയെല്ലാം സഹാനുഭൂതിയോടെ ഉള്‍ക്കൊള്ളണമെങ്കില്‍ നന്നായി മനസ്സിലാക്കി വായിക്കാന്‍ കഴിയണം. പറയുന്നതിലുപരി പറയാത്തതും, കാണുന്നതിലുപരി കാണാത്തതും അറിയാന്‍ സാധിക്കണം. അതൊരു പുസ്തകമായാലും മനുഷ്യനായാലും, വരികള്‍ക്കിടയിലൂടെ മനസ്സിനെ തൊട്ടു വായിക്കാന്‍ കഴിഞ്ഞാല്‍ അത് സൗഖ്യമാണ്. മനുഷ്യരെ വായിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന്, അവര്‍ പറയാതെ പറഞ്ഞുവെച്ച കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയണം. അതാണ് ഒരു മനുഷ്യനോ ചുറ്റുപാടിനോ വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.

'വൃക്ഷങ്ങളുടെ രഹസ്യജീവിതം' എന്നൊരു പുസ്തകമുണ്ട്. അതിലെ വിവരങ്ങളിലൂടെ കടന്നുപോയപ്പോള്‍ കിട്ടിയൊരു വെളിച്ചമുണ്ട്. വൃക്ഷങ്ങളുടെ സന്ദേശ കൈമാറ്റങ്ങളും രഹസ്യങ്ങളും അതിശയിപ്പിക്കുന്നതാണ്. അതുപോലെ നമ്മള്‍ മനുഷ്യര്‍ക്കും ഒന്നിച്ചുനില്‍ക്കാനും മനസ്സിലാക്കാനുമായാല്‍, ചുറ്റുപാടിനെ സമാധാനത്തിലാക്കാനും സ്വയം ശാന്തിയിലാകാനും നമുക്ക് സാധിക്കും. വായന എന്നത് പുസ്തകങ്ങളിലെ അക്ഷരങ്ങളെ മാത്രം വായിക്കുന്നതല്ല; പ്രകൃതിയെയും മനുഷ്യരെയും സഹജീവികളെയും ഈ പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളെയും മനസ്സിലാക്കാനുള്ള ഒരു യാത്രയാണ്.

ഒരു പൂവ് വിരിയുന്നതും, ഒരു പക്ഷി കൂടുകൂട്ടുന്നതും, മഴത്തുള്ളികള്‍ ഭൂമിയെ തഴുകുന്നതും നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നു. പ്രകൃതിയുടെ ഓരോ ചലനവും ജീവിതത്തെക്കുറിച്ചുള്ള ഒരു സന്ദേശമാണ്. അതുപോലെ ഓരോ മനുഷ്യനും ഒരു പുസ്തകം പോലെയാണ്. അവരുടെ അനുഭവങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളും വായിക്കുമ്പോള്‍ നമ്മില്‍ സഹാനുഭൂതിയും കരുണയും വളരുന്നു. ഈ വിശാലമായ വായനയാണ് നമ്മുടെ മനസ്സിനെ സമ്പന്നമാക്കുന്നതും ചിന്തകളെ വിശാലമാക്കുന്നതും ജീവിതത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതും.

ജീവിതത്തിലെ ആദ്യ വായന ആരംഭിക്കുന്നത് അമ്മയുടെ മുഖഭാവങ്ങളെ വായിക്കുന്നതിലാണ്; ആദ്യ തൊടല്‍ അമ്മയുടെ കരങ്ങളിലെ ചൂടറിയുന്നതിലാണ്. അക്ഷരങ്ങള്‍ പഠിക്കുന്നതിന് മുമ്പേ മനുഷ്യന്‍ ലോകത്തെ വായിക്കാന്‍ തുടങ്ങുന്നു. അമ്മയുടെ പുഞ്ചിരി, പ്രകൃതിയുടെ ഭാഷ, ചുറ്റുമുള്ള മനുഷ്യരുടെ വികാരങ്ങള്‍ഇവയെല്ലാം നമ്മുടെ ആദ്യ വായനകളാണ്. ഈ വായനയും തൊടലും ചേര്‍ന്നാണ് മനുഷ്യന്റെ ഹൃദയവും ചിന്തയും രൂപപ്പെടുന്നത്. അതുകൊണ്ടാണ് 'ഫീല്‍' ചെയ്തുകൊണ്ടുള്ള വായന ഹീലിംഗിലേക്കും അനുഭവങ്ങളിലേക്കും നമ്മെ നയിക്കുമെന്ന് പറയുന്നത്.

അക്ഷരങ്ങള്‍ വായിക്കുന്നതിലും വലിയ കാര്യമാണ് ഹൃദയങ്ങളെ വായിക്കുക എന്നത്. വരികള്‍ക്കിടയിലൂടെ സഞ്ചരിക്കാനും, കണ്ണുകളില്‍ നിന്ന് വായിക്കാനും, പറയാത്തത് കേള്‍ക്കാനും പഠിക്കുമ്പോഴാണ് വായന ഹീലിംഗായി മാറുന്നത്. അത് വിധിയെഴുതലല്ല, മറിച്ച് സഹാനുഭൂതിയോടെയും കരുണയോടെയും മറ്റൊരാളെ മനസ്സിലാക്കാനുള്ള ശ്രമമാണ്. ''അക്ഷരങ്ങളിലൂടെ നമുക്ക് അറിവ് ലഭിക്കുമെങ്കില്‍, മനസ്സ് വായിക്കുന്നതിലൂടെ നമുക്ക് കുറച്ചുകൂടി നല്ല മനുഷ്യനാകാന്‍ കഴിയും.''

ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് നമ്മള്‍ കൂടുതല്‍ സമയം സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്നു. എന്നാല്‍, ദിവസവും കുറച്ചു സമയം വായനയ്ക്കായി മാറ്റിവെക്കുന്നതും, കൂടെയുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും, കരുണയോടെ സഹവര്‍ത്തിക്കുന്നതും നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വായന ഒരു വിനോദമോ ഔഷധമോ മാത്രമല്ല, അതൊരു സ്വയം സൗഖ്യമാണ്. അതിനാല്‍, നമുക്കെല്ലാവര്‍ക്കും മനസ്സ് അറിഞ്ഞുള്ള വായനയെ ജീവിതത്തിന്റെ ഭാഗമാക്കാം. പുസ്തകങ്ങള്‍ക്കൊപ്പം മനുഷ്യരിലേക്കും പ്രകൃതിയിലേക്കും കനിവോടെ കടന്നുചെന്ന് അറിവും ആനന്ദവും ശാന്തിയും സ്വസ്ഥതയും മാനസികാരോഗ്യവും വളര്‍ത്താം.

ഒരു നല്ല പുസ്തകത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍, നമ്മള്‍ പുതിയ ലോകങ്ങളിലേക്ക് സഞ്ചരിക്കുകയും പുതിയ ചിന്തകളെ പരിചയപ്പെടുകയും ചെയ്യുന്നു. ജീവിതത്തിലെ തിരക്കുകളും സമ്മര്‍ദ്ദങ്ങളും അല്പനേരത്തേക്ക് മറന്ന് മനസ്സിനെ വിശ്രമിപ്പിക്കാന്‍ വായന സഹായിക്കുന്നു. വായന നമ്മുടെ ചിന്തകളെ ക്രമപ്പെടുത്തുകയും വികാരങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വരികള്‍ക്കിടയിലെ നിശ്ശബ്ദത വായിക്കുമ്പോള്‍ മനസ്സ് കൂടുതല്‍ ആഴത്തില്‍ സ്വയം കേള്‍ക്കാന്‍ തുടങ്ങുന്നു. അങ്ങനെ വായന ആത്മപരിശോധനയിലേക്കും ആത്മശാന്തിയിലേക്കും നയിക്കുന്നു.

''ഒരു നല്ല പുസ്തകം കൈകളില്‍ എത്തുമ്പോള്‍, ശാന്തി ഹൃദയത്തിലേക്ക് എത്തുന്നു.''

അക്ഷരങ്ങളിലൂടെ മനസ്സ് സുഖപ്പെടുന്ന ഈ യാത്രയില്‍, വായന ഒരു സുഹൃത്തും ശാന്തി അതിന്റെ മനോഹരമായ സമ്മാനവുമാണ്. ജീവിതത്തിലെ തിരക്കുകളും ആശങ്കകളും നിറഞ്ഞ നിമിഷങ്ങളില്‍ വായന മനസ്സിന് ഒരു ആശ്വാസകേന്ദ്രമാണ്. ടെന്‍ഷന്‍ മനസ്സിനെ അലട്ടുമ്പോള്‍, ഒരു നല്ല പുസ്തകത്തിന്റെ ലോകത്തേക്ക് കടന്നുചെല്ലുന്നത് ചിന്തകളെ ക്രമപ്പെടുത്താനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു. വായന പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ പഠിപ്പിക്കുന്നില്ല; മറിച്ച് അവയെ കൂടുതല്‍ വ്യക്തതയോടെ കാണാനും നേരിടാനും ശക്തി നല്‍കുന്നു. മറ്റുള്ളവരുടെ അനുഭവങ്ങളും കഥകളും വായിക്കുമ്പോള്‍, നമ്മുടെ വിഷമങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും ജീവിതത്തില്‍ നിരവധി സാധ്യതകളുണ്ടെന്നും നാം തിരിച്ചറിയുന്നു.

അക്ഷരങ്ങള്‍ പലപ്പോഴും പറയുന്നത്: ''നീ ഒറ്റയ്ക്കല്ല; ഈ വഴിയിലൂടെ മറ്റാരോ നടന്നിട്ടുണ്ട്.''

അതുകൊണ്ട് വായന അറിവ് മാത്രമല്ല, ടെന്‍ഷന്‍ കുറയ്ക്കുന്ന ഒരു മാനസിക വിശ്രമവും ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള വഴിയുമാണ്. ''ടെന്‍ഷന്‍ മനസ്സിനെ മുറുക്കുമ്പോള്‍, വായന മനസ്സിനെ തുറക്കുന്നു.'' വായന അക്ഷരങ്ങളെ കാണുക മാത്രമല്ല; അത് മനസ്സിനെ കേള്‍ക്കുകയും ആത്മാവിനെ സ്പര്‍ശിക്കുകയും ചെയ്യുന്ന ഒരു അനുഭവമാണ്. ചില പുസ്തകങ്ങള്‍ അറിവ് നല്‍കും, ചിലത് ചിന്തിപ്പിക്കും, ചിലത് മുറിവേറ്റ മനസ്സിന് മരുന്നാകും, മറ്റു ചിലത് സമാശ്വാസമാകും.

വാക്കുകള്‍ക്ക് പലപ്പോഴും പറയാനാകാത്ത വേദനകളെ സ്പര്‍ശിക്കാനുള്ള ശക്തിയുണ്ട്. ഒരു കഥയിലോ കവിതയിലോ നമ്മളെത്തന്നെ കണ്ടെത്തുമ്പോള്‍ ഉള്ളിലെ ഭാരങ്ങള്‍ പതിയെ ലഘുവാകുന്നു. അങ്ങനെ വായന ശാന്തിയിലേക്കുള്ള യാത്രയായി മാറുന്നു. ''ചില മുറിവുകള്‍ക്ക് മരുന്നല്ല വേണ്ടത്; ഒരു നല്ല പുസ്തകമാണ്.'' അക്ഷരങ്ങളിലൂടെ മനസ്സ് സുഖപ്പെടുമ്പോള്‍, വായന ഒരു ശീലമല്ല, ഒഴിവാക്കാന്‍ കഴിയാത്ത ഒരു ഘടകമായി മാറുന്നു.

മസ്തിഷ്‌കത്തിന് ആരോഗ്യകരമായ മാറ്റങ്ങള്‍ വായനയിലൂടെ സാധ്യമാകുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു; ഇത് അനാവശ്യ സമ്മര്‍ദ്ദങ്ങളെ കുറയ്ക്കുന്നു. വായനയില്‍ മുഴുകുമ്പോള്‍ മനസ്സ് ആശങ്കകളില്‍ നിന്ന് മാറി കഥയിലേക്കോ ആശയങ്ങളിലേക്കോ കേന്ദ്രീകരിക്കുന്നു. വായന എന്ന നിരന്തര പ്രക്രിയ ഭാഷ, ഓര്‍മ്മ, ഭാവന, വിശകലനശേഷി തുടങ്ങിയ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അതിനെ കൂടുതല്‍ ചടുലമാക്കുകയും ചെയ്യുന്നു. വികാരങ്ങളെ മനസ്സിലാക്കാനും സ്വയം തിരിച്ചറിയാനും വായന സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് വായിക്കുന്ന ശീലം മനസ്സിനെ ശാന്തമാക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

''അക്ഷരങ്ങള്‍ തലച്ചോറിനെ ഉണര്‍ത്തുന്നു; കഥകള്‍ മനസ്സിനെ സുഖപ്പെടുത്തുന്നു.''

മരുന്നുകള്‍ ശരീരത്തെ സുഖപ്പെടുത്തിയേക്കാം, പക്ഷേ അക്ഷരങ്ങള്‍ക്ക് മനസ്സിനെ സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്. അതുകൊണ്ട് വായിക്കാം അറിവിനുവേണ്ടി മാത്രമല്ല, ഹീലിംഗിനുവേണ്ടിയും. ഓരോ പുസ്തകവും ഒരു ലോകമാണ്; ചില ലോകങ്ങള്‍ നമ്മെ മാറ്റുന്നു, ചിലത് നമ്മെ സുഖപ്പെടുത്തുന്നു. വായന തുടരുക, കാരണം ഹീലിംഗ് പലപ്പോഴും ഒരു താള്‍ മറിക്കലില്‍ തുടങ്ങുന്നു. മുറിവുകള്‍ എല്ലാവര്‍ക്കുമുണ്ട്; പക്ഷേ അവയെ വാക്കുകളിലൂടെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനുള്ള ശക്തിയാണ് വായന. അതുകൊണ്ട് വായന അറിവ് മാത്രമല്ല, ആത്മചികിത്സ കൂടിയാണ്. വായന അവസാനിക്കുന്നത് അവസാന പേജിലല്ല; അത് തുടങ്ങുന്നത് മനസ്സിന്റെ ഹീലിംഗിലാണ്.

വായിച്ചുതീര്‍ന്ന ഒരു പുസ്തകം നമ്മെ പഴയ മനുഷ്യനായി തിരികെ വിടുന്നില്ല. അത് നമ്മെ കുറച്ചുകൂടി ശാന്തനും, കുറച്ചുകൂടി കരുണയുള്ളവനും, കുറച്ചുകൂടി സുഖപ്പെട്ടവനുമായി മാറ്റുന്നു. അതാണ് വായനയുടെ സൗഖ്യശക്തി.

-നിഖില സമീര്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026