ദോഹ- ആധുനിക ഖത്തറിന്റെ ശില്‍പിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി (74) അന്തരിച്ചു. നിലവിലെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പിതാവാണ്. ഖത്തര്‍ അമീരി ദിവാന്‍ ആണ് മരണവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. വിയോഗത്തില്‍ അമീരി ദിവാന്‍ അനുശോചനം രേഖപ്പെടുത്തി. 2013 ല്‍ അധികാരമൊഴിഞ്ഞ ശേഷം ഫാദര്‍ അമീര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
'ദൈവത്തിന്റെ വിധിയിലും നിശ്ചയത്തിലും ഉറച്ചുനിന്നുകൊണ്ട്, രാഷ്ട്രത്തിന്റെ വലിയ നഷ്ടമായ ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ വിയോഗത്തില്‍ അമീരി ദിവാന്‍ ദുഃഖം രേഖപ്പെടുത്തുന്നു' എന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
1995 മുതല്‍ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. 2013-ല്‍ തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് അധികാരം കൈമാറി ചരിത്രപരമായ ദൗത്യം നടത്തിയിരുന്നു. ആധുനിക ഖത്തറിന്റെ നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഖത്തര്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയത്. അല്‍ ജസീറ ടിവി സ്ഥാപിതമായതും 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തര്‍ നേടിയെടുത്തതുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലത്താണ്.
ഖത്തര്‍ എന്ന കൊച്ചുരാജ്യത്തെ ആഗോള ഭൂപടത്തില്‍ മുന്‍നിരയില്‍ എത്തിച്ച ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഫാദര്‍ അമീര്‍. അദ്ദേഹത്തിന്റെ 18 വര്‍ഷത്തെ ഭരണകാലം ഖത്തറിന്റെ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. പ്രകൃതിവാതക ശേഖരത്തിന്റെ വികസനത്തിലൂടെ ഖത്തറിനെ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി അദ്ദേഹം മാറ്റി.
എജുക്കേഷന്‍ സിറ്റി സ്ഥാപിച്ച് ലോകോത്തര സര്‍വകലാശാലകളെ ഖത്തറിലേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാടിന്റെ തെളിവായിരുന്നു.
അദ്ദേഹത്തിന്റെ കാലഘട്ടം ഖത്തറിന്റെ നയതന്ത്ര വിജയങ്ങളുടെ കാലമായിരുന്നു. 2006-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിച്ച് ഖത്തറിന്റെ സംഘാടന മികവ് ലോകത്തിന് മുന്നില്‍ തെളിയിച്ചു. തുടര്‍ന്നാണ് 2022-ലെ ഫിഫ ലോകകപ്പ് വേദിയായി ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ദോഹ അഗ്രിമെന്റ്, ഫതഹ്-ഹമാസ് മധ്യസ്ഥ ചര്‍ച്ചകള്‍ എന്നിവയിലൂടെ പലസ്തീന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ അദ്ദേഹം നടത്തി. 2012-ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി ദോഹയില്‍ സംഘടിപ്പിച്ചുകൊണ്ട് ആഗോള പാരിസ്ഥിതിക പ്രശ്നങ്ങളിലും ഖത്തറിന്റെ സാന്നിധ്യം അദ്ദേഹം ഉറപ്പിച്ചു.
Related News