അബുദാബി- യു.എ.ഇയില്‍ വ്യോമാക്രമണ ഭീഷണിയെത്തുടര്‍ന്ന് രാജ്യവ്യാപകമായി സുരക്ഷാ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് പുലര്‍ച്ചെ രാജ്യത്തിന് നേരെ മിസൈല്‍ ആക്രമണ ഭീഷണിയുണ്ടായതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉടനടി സജ്ജമാകുകയും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മുന്‍കരുതലിന്റെ ഭാഗമായാണ് രാജ്യത്തുടനീളമുള്ള താമസക്കാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ വഴി അടിയന്തര ജാഗ്രതാ സന്ദേശം അയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാവിലെ കണ്ടെത്തിയ മിസൈല്‍ ഭീഷണികള്‍ യു.എ.ഇയുടെ അതിര്‍ത്തികള്‍ക്ക് പുറത്തായിരുന്നുവെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തങ്ങളുടെ തന്ത്രപ്രധാന പങ്കാളികളുമായി ചേര്‍ന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യം പൂര്‍ണ്ണ സുരക്ഷിതമാണെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്തെ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും ഉയര്‍ന്ന സുരക്ഷാ സജ്ജീകരണങ്ങളോടെ ദേശീയ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്നും നിലവിലെ സാഹചര്യം പൂര്‍ണ്ണമായും സുസ്ഥിരമാണെന്നും അതോറിറ്റി വ്യക്തമാക്കി. അപകടസാധ്യതകള്‍ വളരെ കുറവാണെങ്കില്‍ പോലും മുന്‍കൂട്ടി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം അടിയന്തര സന്ദേശങ്ങള്‍ അയക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു. ജാഗ്രതാ നിര്‍ദ്ദേശങ്ങളോട് പൂര്‍ണ്ണമായി സഹകരിച്ച ജനങ്ങള്‍ക്ക് അധികൃതര്‍ നന്ദി അറിയിക്കുകയും ചെയ്തു.
അടിയന്തര സാഹചര്യങ്ങള്‍ മാറി ജനജീവിതം സാധാരണ നിലയിലായതായും ജനങ്ങള്‍ക്ക് തങ്ങളുടെ ദൈനംദിന കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്നും അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ദൈനംദിന ജീവിതത്തില്‍ തടസ്സങ്ങള്‍ ഒഴിവാക്കാനും ആവശ്യമായ എല്ലാ മുന്‍കരുതലുകളും യുഎഇ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും ഔദ്യോഗിക ചാനലുകള്‍ വഴി വരുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Related News