തൃശൂര്‍: ഇറാന്‍-അമേരിക്ക യുദ്ധക്കെടുതിയില്‍ ഖത്തറിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലും കടുത്ത കടബാധ്യതയിലും പ്രവാസി കുടുംബം കൂട്ടആത്മഹത്യക്ക് ശ്രമിച്ചു. കുന്നംകുളം പഴഞ്ഞി അരുവായില്‍ മടക്കനാക്കല്‍ വീട്ടില്‍ സിബി (51), മകള്‍ അലീന (19) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഭാര്യ ബീന, മകന്‍ ആദിത്യന്‍ (18) എന്നിവരെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഖത്തറില്‍ ഡിസൈനറായി ജോലി ചെയ്തിരുന്ന സിബി, ഇറാന്‍-അമേരിക്ക യുദ്ധക്കെടുതിയില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് നാലുപേരും ചേര്‍ന്ന് കടുംകൈ ചെയ്തത്. ആദ്യം നാലുപേരും വിഷം കഴിക്കുകയായിരുന്നു. വിഷം കഴിച്ചിട്ടും മരണം സംഭവിക്കാതിരുന്നതോടെ കൈത്തണ്ടയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. സിബിയെ വീട്ടു കിണറ്റില്‍ ചാടി മരിച് നിലയിലും മകള്‍ അലീനയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.
വിഷം കഴിച്ച് അത്യാസന്ന നിലയിലായ മകന്‍ ആദിത്യന്‍ തന്നെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ഫോണില്‍ വിവരമറിയിച്ചത്. എത്രയും വേഗം അയല്‍ക്കാരെ വിവരമറിയിക്കാന്‍ പോലീസ് നിര്‍ദേശിച്ചതനുസരിച്ച്, ആദിത്യന്‍ അയല്‍വാസിയായ സുധാകരനെ വിളിച്ച് അമ്മയ്ക്ക് തീരെ വയ്യെന്ന് വിവരം കൈമാറി. ഉടന്‍തന്നെ കുന്നംകുളം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പോലീസ് ജീപ്പില്‍ എല്ലാവരെയും കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.
'ജീവിതം മതിയായി ഞങ്ങള്‍ ആത്മഹത്യ ചെയ്യുന്നു' എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഖത്തറിലെ ജോലി നഷ്ടപ്പെട്ടതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും കടുത്ത കടബാധ്യതയുമാണ് ഈ കുടുംബത്തെ ദാരുണമായ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
Related News