ജിദ്ദ: ജിദ്ദയുടെ പുതിയ മേയറായി ഇഹ്‌സാന്‍ ബിഫഖീഹ് ചുമതലയേറ്റു. മുനിസിപ്പല്‍ സേവനങ്ങളുടെ വികസനം, ഫീല്‍ഡ് വര്‍ക്കുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കല്‍, നഗരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തല്‍ എന്നിവയ്ക്കായിരിക്കും തന്റെ ഭരണത്തില്‍ മുന്‍ഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച പുറത്തിറങ്ങിയ രാജകീയ ഉത്തരവിലൂടെയാണ് നിയമനം.
2018 ആഗസ്റ്റ് മുതല്‍ 2026 ഏപ്രില്‍ വരെ ഈ പദവിയിലുണ്ടായിരുന്ന സാലിഹ് അല്‍-തുര്‍കിയുടെ പിന്‍ഗാമിയായാണ് ബിഫഖീഹ് അധികാരമേല്‍ക്കുന്നത്. ജിദ്ദയില്‍ ജനിച്ചുവളര്‍ന്ന ഇദ്ദേഹം പ്രമുഖമായ നിരവധി നേതൃപദവികള്‍ വഹിച്ചിട്ടുണ്ട്. സ്റ്റേറ്റ് പ്രോപ്പര്‍ട്ടീസ് ജനറല്‍ അതോറിറ്റി ഗവര്‍ണര്‍, മുഹമ്മദ് അല്‍-സുബായ് ലോജിസ്റ്റിക്‌സ് സര്‍വീസസ് സി.ഇ.ഒ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ സൗദി ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്‍ഡ് ടെക്‌നോളജി സോണ്‍സ് അതോറിറ്റിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അമേരിക്കയിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ കോളേജില്‍ നിന്നാണ് അദ്ദേഹം സയന്‍സില്‍ ബിരുദം നേടിയത്. ദേശീയ ലക്ഷ്യങ്ങള്‍ക്കും തുടര്‍ച്ചയായ വികസനത്തിനും അനുസൃതമായി ജിദ്ദയെ സേവിക്കുന്നതിനുള്ള വലിയൊരു ഉത്തരവാദിത്തമായാണ് തന്റെ നിയമനത്തെ കാണുന്നതെന്ന് ബിഫഖീഹ് പറഞ്ഞു. ഇതുവരെയുള്ള നേട്ടങ്ങളെ സംരക്ഷിച്ചും അവയ്ക്ക് മേല്‍ പുതിയവ കൂട്ടിച്ചേര്‍ത്തും മുന്നോട്ട് പോകാനാണ് വരുംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. മുനിസിപ്പല്‍ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും വളര്‍ച്ച നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുനിസിപ്പാലിറ്റിയുടെ വിവിധ വകുപ്പുകളും മറ്റ് പങ്കാളിത്ത ഏജന്‍സികളും തമ്മിലുള്ള ഏകോപനം പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'വലിയ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു വികസന ഘട്ടത്തിലൂടെയാണ് ജിദ്ദ കടന്നുപോകുന്നത്. നഗരത്തിന്റെ സാമ്പത്തിക, നഗരവികസന വളര്‍ച്ചയ്‌ക്കൊപ്പം വേഗത നിലനിര്‍ത്താനും നഗരത്തിന്റെ സജ്ജീകരണങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഇത് ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു.
Related News