അബുദാബി: പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെ തുടര്‍ന്ന് അബുദാബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോണ്‍സുലേറ്റ് ജനറലും ജൂലൈ 13 മുതല്‍ 15 വരെയുള്ള എല്ലാ കോണ്‍സുലാര്‍ അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിലാണ് യുഎസ് മിഷന്‍ ഇക്കാര്യം അറിയിച്ചത്. ഈ ദിവസങ്ങളില്‍ അപ്പോയിന്റ്‌മെന്റുകള്‍ നിശ്ചയിച്ചിരുന്നവര്‍ എംബസിയിലേക്കോ കോണ്‍സുലേറ്റിലേക്കോ യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശമുണ്ട്. തീയതി പുനര്‍നിശ്ചയിക്കുന്നതിനായി ബാധിതരായ അപേക്ഷകരെ നേരിട്ട് ബന്ധപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂലൈ 13-നും 15-നും ഇടയില്‍ അപ്പോയിന്റ്‌മെന്റുകള്‍ ഉള്ള അമേരിക്കന്‍ പൗരന്മാരും എംബസി സന്ദര്‍ശിക്കാതെ തുടര്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കണം.
നിലവില്‍ എംബസിയും കോണ്‍സുലേറ്റും ഓര്‍ഡേര്‍ഡ്-ഡിപ്പാര്‍ച്ചര്‍ (യാത്രാ നിര്‍ദ്ദേശം) അവസ്ഥയിലാണെന്നും, അടിയന്തര ആവശ്യങ്ങളല്ലാത്ത യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ യുഎഇക്ക് പുറത്തേക്ക് മാറ്റിയതായും യുഎസ് മിഷന്‍ അറിയിച്ചു. ഇതിന്റെ ഫലമായി യുഎസ് പൗരന്മാര്‍ക്ക് പരിമിതമായ കോണ്‍സുലാര്‍ സഹായങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
പാസ്പോര്‍ടോ മറ്റ് അടിയന്തര കോണ്‍സുലാര്‍ സേവനങ്ങളോ ആവശ്യമായി വരുന്ന അമേരിക്കക്കാര്‍ യുഎസ് സിറ്റിസണ്‍ സര്‍വീസസ് നവിഗേറ്റര്‍ വഴി എംബസിയെ ബന്ധപ്പെടേണ്ടതാണ്. തുടര്‍ന്ന് കോണ്‍സുലാര്‍ ജീവനക്കാര്‍ ഇമെയില്‍ വഴി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
യുഎഇയിലെ പതിവ് യുഎസ് വിസ സേവനങ്ങള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ നയതന്ത്ര പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഈ പുതിയ നടപടി. ഔദ്യോഗിക വിവരങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കാനും എംബസി ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും യുഎസ് പൗരന്മാരോട് മിഷന്‍ അഭ്യര്‍ത്ഥിച്ചു.
Related News