സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെ സുല്‍ത്താന്‍ സെയ്ദ് ബിന്‍ തൈമൂര്‍ റോഡില്‍ ഇന്നു രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇമാറാത്തികളും രണ്ട് ഒമാനികളും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 7:00 മണിയോടെ മക് ഷന് സമീപം മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു നീക്കി.
മരിച്ചവരുടെ മൃതദേഹങ്ങള്‍ തുംറൈത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി. അപകടത്തില്‍ അനുശോചിച്ചു കൊണ്ട് അബൂദബിയിലെ ഒമാന്‍ എംബസി പ്രസ്താവനയിറക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അര്‍പിക്കുന്നതായും പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഫോട്ടോ: പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ പൊലീസ് ആശുപത്രിയിലേക്കു മാറ്റുന്നു.
Related News