l o a d i n g

ഗൾഫ്

ഇഫ്താര്‍ സംഗമങ്ങള്‍: ആത്മനിയന്ത്രണത്തില്‍ നിന്ന് ആര്‍ഭാടത്തിലേക്ക് ഒരു വഴിതെറ്റല്‍

Thumbnail
Publisher By     അഡ്വ. എസ് മമ്മു തളിപ്പറമ്പ
February 27, 2026

റമദാന്‍ മാസത്തിലെ വ്രതം മനുഷ്യനെ വിശപ്പിന്റെ ആഴവും ദാഹത്തിന്റെ കാഠിന്യതയും അനുഭവിപ്പിച്ച്, കരുണയുടെയും അനുതാപത്തിന്റെയും മൃദുലഭാവത്തിലേക്ക് നയിക്കാനുള്ള ആത്മീയമായൊരു പരിശീലനമാണ്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് സ്വയം ശുദ്ധീകരണത്തിന് വിധേയമാവുന്ന അസുലഭ ദിനങ്ങളാണത്. ദരിദ്രന്റെ ദുരിതം പഠിച്ച് അപരസേവനത്തിലേക്ക് നിറകൈ നീട്ടാനും, റമദാന്‍ വ്രതം നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. വ്രതത്തിന്റെ യഥാര്‍ത്ഥ ആത്മാവ് ഉപാസനയും, കരുണയും, ലാളിത്യവും, പങ്കുവെയ്ക്കലും, ആത്മ നിയന്ത്രണവുമാണ്.

സിദ്ധാന്തമിതാണെങ്കിലും പ്രയോഗം മറ്റൊന്നാണെന്ന സത്യം ഇന്ന് നമ്മെയാസകലം സംഭ്രമിപ്പിക്കുന്നു. ഈ സംഭ്രമത്തിന്റെ ഒരു സുപ്രധാന ഘടകം നമ്മുടെ തന്നെ ഇഫ്താര്‍ സംഗമങ്ങളാണ്. ആര്‍ഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും താന്‍പോരിമയുടേയും ദുരന്ത കേളീ രംഗങ്ങളായി ഇഫ്താറുകള്‍ മാറിയെന്ന ദുഃഖകരമായ യാഥാര്‍ത്ഥ്യം നിഷേധിക്കാനാവില്ല. വ്രതദിനത്തിന്റെ സമാപനത്തില്‍ ലാളിത്യത്തോടെ ഭക്ഷണം കഴിച്ചു പിരിയേണ്ട നാം, ആവര്‍ത്തിച്ചുപയോഗിക്കുന്ന പലതരം എണ്ണയില്‍ വീണ് മരിച്ച വിഭവങ്ങള്‍ ആര്‍ത്തിയില്‍ വാരി വിഴുങ്ങി ഉദര രോഗം ചോദിച്ചു മേടിക്കുന്നു. അതിന് അനുബന്ധമായി വിവിധയിനം മാംസാഹാരക്കുന്നുകളും. ദഹനപ്രക്രിയയെ തകിടം മറിക്കുന്ന ഇത്തരം ഭക്ഷണോപയോഗത്തെ നിയന്ത്രിക്കാന്‍ നമുക്ക് തിരുവചനങ്ങള്‍ ബാധകമല്ല. ലോകത്തെവിടെയുമില്ലാത്ത ഈയൊരു ആഹാര ധൂര്‍ത്ത് ആരോഗ്യത്തിന് ഗുരുതരമായ പ്രതിസന്ധികള്‍ തീര്‍ക്കുമെന്ന് തീര്‍ച്ച. കേരളത്തിലെ മുസ്ലിം ജനസംഖ്യയും അവരിലെ രോഗികളുടെ അനുപാതവും മാത്രം കണക്കെടുത്താല്‍ ഈ മഹാ സത്യം കണ്ട് നാം ഞെട്ടും. ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത് ഉദരത്തിലൊതുങ്ങാത്ത അമിതാഹാരം കൊണ്ട് ശരീരക്ഷമതയും മാനസിക സ്വസ്ഥതയും നഷ്ടമാവുന്നതിലൂടെ, നമ്മുടെ ആരോഗ്യമിന്ന് ഭീകരമായി തകരുന്നു. ഇത് കൂടുതല്‍ തിരച്ചറിയേണ്ടത് നാം തന്നെയാണ്.

ഇഫ്താര്‍ എന്നത് വിശപ്പിന്റെ സംഘര്‍ഷങ്ങളെ പ്രയോഗപരമായി ഓര്‍മ്മിപ്പിക്കുന്ന അനുഷ്ടാനം തന്നെയാണ്. എന്നാല്‍ അത് പലപ്പോഴും മത്സരാധിഷ്ഠിതമായ സമൃദ്ധ വിരുന്നുകളായി രൂപം മാറുന്നു. പൊങ്ങച്ചങ്ങളുടെ കെട്ടുകാഴ്ച്ചകളായി സ്വയമത് നിറം മാറുന്നു. ആരാണ് കൂടുതല്‍ നൂതന വിഭവങ്ങള്‍ ഒരുക്കിയത്, ആരുടെ വിരുന്നാണ് കൂടുതല്‍ ആര്‍ഭാടമായത് എന്നതില്‍ അഭിരമിക്കുന്ന ഒരു അനുചിത മത്സരമായത് രൂപപ്പെടുന്നു. ഈ പ്രവണത വ്രതത്തിന്റെ നൈതിക ആശയങ്ങളില്‍ നിന്ന് നമ്മെ ബഹുദൂരം അകറ്റിക്കൊണ്ടു പോകുന്നു.

ഇത്തരത്തിലുള്ള ആര്‍ഭാട ഇഫ്താര്‍ സംഗമങ്ങളില്‍ മത-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പതിവ് മുഖങ്ങളായി സാന്നിധ്യപ്പെടുകയും ചെയ്യുന്നു. ഇത് നല്‍കുന്നത് അനാവശ്യമായ സന്ദേശങ്ങള്‍ തന്നെയാണ്. ലാളിത്യവും ആത്മനിയന്ത്രണവും പ്രഘോഷിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ട നേതൃസാന്നിധ്യങ്ങള്‍ തന്നെ ഇത്തരം കൊഴുത്ത സുപ്രകള്‍ക്ക് ചുറ്റും ആര്‍ത്തിയോടെയും കപട സൗഹാര്‍ദ്ദത്തോടെയും വട്ടമിട്ടിരിക്കുമ്പോള്‍ സാമാന്യ മനുഷ്യര്‍ എങ്ങനെ, എന്ത് കരുതും. ഇത് നല്‍കുന്ന സന്ദേശമെന്താവും. സമൂഹത്തില്‍ അപകടകരമായ മാതൃകകളാണിതു മൂലം സ്ഥാപിക്കപ്പെടുന്നത്. വ്രതം ഒരു ആത്മീയ യാത്രയല്ലാതെ, പ്രദര്‍ശന വേദിയെന്ന ധാരണ ഇതുറപ്പിച്ചെടുക്കപ്പെടുന്നു.

ഇഫ്താര്‍ സംഗമങ്ങള്‍ സമൂഹബന്ധങ്ങളെ ആര്‍ദ്രമാക്കുന്ന മഹത്തായ അവസരങ്ങളാണ്. പക്ഷേ അത് സാധ്യമാവുന്നത് അവയുടെ ഉള്ളടക്കം ആത്മീയതയെയും, ആരോഗ്യബോധത്തെയും, സേവനമനോഭാവത്തെയും, മുന്നില്‍ നടത്തുമ്പോഴാണ്. ലാളിത്യവും പങ്കിടലും കരുണയും നൃത്തം ചെയ്യേണ്ടിടത്ത് പൊങ്ങച്ചവും അമിതാഭിമാനവും താണ്ഡവമാടുമ്പോള്‍, വ്രതത്തിന്റെ ആത്മാവ് എങ്ങോ ഓടിയൊളിക്കും തീര്‍ച്ച.

അതുകൊണ്ട്, ഇഫ്താറിനെ വീണ്ടും അതിന്റെ നൈതിക മൂലപാഠത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഓരോ വിശ്വാസിയും ഏറ്റെടുക്കണം. ലളിതമായ ഭക്ഷണം, ദരിദ്രര്‍ക്കുള്ള പങ്കുവെപ്പ്, ആരോഗ്യബോധം, ആത്മവിചാരം ഇവയെ മുന്നില്‍ നടത്തിയുള്ള ഇഫ്താര്‍ സംഗമങ്ങളേ ലക്ഷ്യത്തില്‍ സാര്‍ത്ഥകമാവുകയുള്ളൂ. രുചിക്കൂട്ടുകളുടെ പെരും പുളപ്പില്‍ ആത്മീയതയുടെ സൗരഭ്യം കെട്ടു പോകാതിരിക്കട്ടെ.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026