l o a d i n g

ഗൾഫ്

ആദര്‍ശത്തിന്റെ കനല്‍ കെടാത്ത പ്രവാസമനസ്സ്: ഇംഗ്ലി ഉസ്മാന്റെ ജീവിതം

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം തന്നെ ഉണ്ടാവില്ല

Thumbnail
Publisher By     പി.എം. മായിന്‍കുട്ടി
April 26, 2026

പട്ടാമ്പി: കാലം മനുഷ്യന്റെ ശരീരത്തില്‍ വാര്‍ദ്ധക്യത്തിന്റെ അടയാളങ്ങള്‍ വീഴ്ത്തിയേക്കാം, പക്ഷേ ചില മനുഷ്യരുടെ ആദര്‍ശങ്ങളില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അതിന് കഴിയില്ല. അതിനൊരു ഉദാഹരണമാണ് പട്ടാമ്പിക്കാരന്‍ ഇംഗ്ലി ഉസ്മാന്‍. പ്രവാസത്തിന്റെ കയ്പ്പും മധുരവും നുകര്‍ന്ന്, സാമൂഹ്യപ്രവര്‍ത്തനത്തെ ശ്വാസവായുവാക്കി മാറ്റി, ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ഈ മനുഷ്യന്റെ കഥ ആവേശകരവും ഹൃദയസ്പൃക്കുമാണ്.

രണ്ടു പതിറ്റാണ്ടുകാലം സൗദി അറേബ്യയിലെ ജിദ്ദ, തായിഫ്, മക്ക എന്നിവിടങ്ങളിലായിരുന്നു ഉസ്മാന്റെ ജീവിതം. ഉപജീവനത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത് സൈക്കിള്‍ റിപ്പയറിംഗ് ജോലിയായിരുന്നു. എന്നാല്‍ ആ ജോലിത്തിരക്കിനിടയിലും അദ്ദേഹം എഴുത്തിനും വായനയ്ക്കും സമയം കണ്ടെത്തി. സൗദിയിലെ മലയാളികളുടെ പ്രിയപ്പെട്ട പത്രമായ 'മലയാളം ന്യൂസി'ലെ പ്രതികരണ പേജായ 'സമീക്ഷ'യില്‍ ഉസ്മാന്‍ സ്ഥിരമായി കത്തുകളെഴുതി. പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങളും സൗദിയിലെ നിയമങ്ങളും ലളിതമായി അവതരിപ്പിച്ച ഉസ്മാന്‍, ചുരുങ്ങിയ കാലം കൊണ്ട് പത്രാധിപര്‍ക്കും വായനക്കാര്‍ക്കും പ്രിയങ്കരനായി.

പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ഫാറൂഖ് ലുഖ്മാന്‍ ഉസ്മാനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആദരിച്ചത് അദ്ദേഹത്തിന്റെ എഴുത്തിനുള്ള അംഗീകാരമായിരുന്നു. തന്റെ രാഷ്ട്രീയ ആദര്‍ശങ്ങളും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുള്ള കൂറും ആ തൂലികയിലൂടെ അദ്ദേഹം നിരന്തരം പങ്കുവെച്ചുകൊണ്ടിരുന്നു.
പ്രവാസികള്‍ക്കു വേണ്ടി കത്തെഴുതുക മാത്രമല്ല, നേരിട്ട് പോരാടാനും ഉസ്മാന്‍ മടിച്ചില്ല. കോഴിക്കോട് വിമാനത്താവള അധികൃതര്‍ പ്രവാസികളോട് കാട്ടുന്ന അവഗണനയ്ക്കെതിരെ വിമാനത്താവളത്തിനുള്ളില്‍ അദ്ദേഹം നടത്തിയ ഒറ്റയാള്‍ സമരം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നാട്ടിലെ ജനപ്രതിനിധികള്‍ പോലും മടിക്കുന്നയിടത്താണ് ഈ പ്രവാസി ഒറ്റയ്ക്ക് തന്റെ പ്രതിഷേധം ഉറക്കെ വിളിച്ചുപറഞ്ഞത്.

പട്ടാമ്പി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ സജീവമായിരിക്കുമ്പോഴാണ് കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ ഉസ്മാനെ കടല്‍ കടത്തിയത്. പ്രവാസം കൊണ്ട് വലിയ സാമ്പത്തിക നേട്ടങ്ങളൊന്നും അദ്ദേഹം ഉണ്ടാക്കിയില്ല. എന്നാല്‍, തന്റെ അഞ്ച് പെണ്‍മക്കളെ വിവാഹം കഴിച്ചയക്കാനും മകനെ വിവാഹം കഴിപ്പിച്ച് ഒരു കുടുംബമുണ്ടാക്കി നല്‍കാനും ആ സൈക്കിള്‍ റിപ്പയര്‍ ജോലികൊണ്ട് ഉസ്മാന് കഴിഞ്ഞു. സ്വന്തം കാര്യങ്ങള്‍ക്കായി ഒന്നും മാറ്റിവെക്കാത്ത ആ ത്യാഗപൂര്‍ണ്ണമായ ജീവിതം ഇന്ന് ചെറിയൊരു സ്റ്റേഷനറി, പലചരക്ക് കടയുടെ മുന്നിലിരുന്ന് അദ്ദേഹം അയവിറക്കുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നില്ലെങ്കിലും ഓരോ മണ്ഡലത്തെയും കീറിമുറിച്ച് വിശകലനം ചെയ്യുകയാണ് ഉസ്മാന്‍. തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ യു.ഡി.എഫ് 82 മുതല്‍ 85 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി. സതീശനല്ലാതെ മറ്റൊരു പേര് ഉസ്മാന്റെ മനസ്സിലില്ല. 'കഴിഞ്ഞ അഞ്ചുവര്‍ഷം സതീശന്‍ നടത്തിയ ആശയപരമായ പോരാട്ടവും വിശ്രമമില്ലാത്ത പ്രയത്‌നവുമാണ് കോണ്‍ഗ്രസിനെ ഇന്നു കാണുന്ന നിലയിലെത്തിച്ചത്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പ്രവര്‍ത്തകര്‍ ആ പ്രസ്ഥാനത്തെ തന്നെ കത്തിച്ചു കളയും,' ഉസ്മാന്റെ വാക്കുകളില്‍ ആവേശം കനലായി ജ്വലിക്കുന്നു. ആത്മാര്‍ത്ഥതയില്ലാത്ത നേതാക്കളാണ് പാര്‍ട്ടിക്ക് ശാപമെന്ന് തുറന്നു പറയാനും അദ്ദേഹം ഭയപ്പെടുന്നില്ല.

പഴയകാല നേതാക്കളുമായി ഉസ്മാന്‍ പുലര്‍ത്തിയിരുന്ന ബന്ധം ഏറെ ഹൃദ്യമായിരുന്നു. തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് കാട്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉസ്മാന്‍ ഒരു കുറിപ്പ് അയച്ചു. വരുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതിരുന്നിട്ടും, കല്യാണത്തിന്റെ തലേദിവസം ഉമ്മന്‍ചാണ്ടി ഉസ്മാന്റെ വീട്ടിലെത്തി നാട്ടുകാരെയും വീട്ടുകാരെയും അമ്പരപ്പിച്ചു. ഇന്നത്തെ നേതാക്കളില്‍ പലര്‍ക്കും ഇല്ലാത്ത ഗുണമാണ് ആ എളിമയെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

വാര്‍ദ്ധക്യവും ശാരീരിക ക്ഷീണവും ഉസ്മാനെ തളര്‍ത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചിന്തകളില്‍ ഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പാണ്. വീടിനോട് ചേര്‍ന്ന ചെറിയ കട നടത്തി ജീവിക്കുമ്പോഴും രാഷ്ട്രീയത്തെക്കുറിച്ചും പ്രവാസത്തെക്കുറിച്ചും അദ്ദേഹം വാചാലനാകും. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട്, മക്കളും ചെറുമക്കളുമായി സന്തോഷം പങ്കുവെച്ച്, തന്റെ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാതെ ഇംഗ്ലി ഉസ്മാന്‍ ജീവിക്കുന്നു. ഒരു യഥാര്‍ത്ഥ പ്രവാസിയായി, ഉറച്ചൊരു കോണ്‍ഗ്രസുകാരനായി. (ഇംഗ്ലി ഉസ്മാന്‍ ഫോണ്‍ നമ്പര്‍ - 0091 99465 10837)

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026