l o a d i n g

കായികം

ലോകകപ്പും രാഷ്ട്രീയ ചുഴലിയും

മുനീര്‍ വാളക്കുട

Thumbnail
By    
March 7, 2026

ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ഫിഫ ലോകകപ്പിന് കൊടി ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന വിശ്വമാമാങ്കത്തിനായി ഫുട്‌ബോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുമ്പോഴും ആശങ്കകള്‍ക്കും ഭീതിക്കും ഒട്ടും കുറവില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. ഇറാനെതിരായ അമേരിക്കന്‍- ഇസ്രായേല്‍ സംയുക്ത ആക്രമണം, ഇറാന്റെ തിരിച്ചടി, അതുവഴി ഉടലെടുത്ത ഗള്‍ഫ് മേഖലയിലെ ആശങ്കകള്‍, മെക്‌സിക്കോയില്‍ നടന്നുവരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഇതെല്ലാം സൃഷ്ടിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ ആശങ്കയിലുമാണ് 2026 ലോകകപ്പ് എത്തിനില്‍ക്കുന്നത്. മൂന്ന് രാജ്യങ്ങളിലെ 16 വേദികളിലായി 104 മത്സരങ്ങളാണ് വരുന്ന ലോകകപ്പില്‍ നടക്കുന്നത്. അതില്‍ 78 മത്സരങ്ങളും നടക്കുന്നത് അമേരിക്കയിലാണ്. ജൂണ്‍ 11ന് മെക്‌സിക്കോസിറ്റിയിലെ ആസ്‌ടെക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ജൂലൈ 19ന് ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍ നടക്കുക.

അമേരിക്കയില്‍ ഇറാന്‍ പന്ത് തട്ടുമോ?

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണവും, അതുവഴി ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനഈ വധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ 2026 ലോകകപ്പില്‍ ഇറാന്‍ കളിക്കുന്ന കാര്യം അസാധ്യമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ബെല്‍ജിയവും ന്യൂസിലാന്റും ഈജിപ്തും ഉള്‍പ്പെട്ട ഗ്രൂപ്പ് ജി യിലാണ് ഇറാന്‍ കളിക്കുന്നത്. ആ ഗ്രൂപ്പിലെ മുഴുവന്‍ മത്സരങ്ങളും നടക്കുന്നത് അമേരിക്കയിലുമാണ്. ജൂണ്‍ 15ന് ലോസ് ഏഞ്ചല്‍സില്‍ വെച്ച് ന്യൂസിലാന്‍ഡിനെയും 21ന് അതേ മൈതാനത്ത് വെച്ച് ബെല്‍ജിയത്തെയും 26ന് സിയാറ്റിലില്‍ വെച്ച് ഈജിപ്തിനെയുമാണ് ഇറാന് നേരിടാനുള്ളത്. എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെയും അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങളുടെയും പാശ്ചാത്തലത്തില്‍ ലോകകപ്പില്‍ ഇറാന് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹദിതാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഇറാന്‍ കായിക വകുപ്പ് മന്ത്രാലയമാണെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. കഴിഞ്ഞവര്‍ഷം വാഷിംഗ്ടണില്‍ വച്ച് നടന്ന ഗ്രൂപ്പ് നറുക്കെടുപ്പില്‍ മെഹദിതാജ് അടക്കമുള്ള ഇറാനിയന്‍ ഫുട്‌ബോളിലെ ഉന്നത പ്രതിനിധികള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചതും വലിയ വിവാദമായിരുന്നു. യുദ്ധസാഹചര്യങ്ങള്‍ നീണ്ടുപോവുകയും ഇറാന്‍ ലോകകപ്പില്‍ നിന്ന് പിന്മാറുകയും ചെയ്താല്‍, യോഗ്യത റൗണ്ടില്‍ പുറത്തായവരില്‍ നിന്ന് ഉയര്‍ന്ന റാങ്കുള്ള ടീമിനെയോ പ്ലേഓഫ് റണ്ണറപ്പിനെയോ ഉള്‍പ്പെടുത്താമെന്നാണ് ഫിഫയുടെ നിയമം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ യോഗ്യതാ റൗണ്ടില്‍ ഉയര്‍ന്ന റാങ്കുകാരായ ഇറാഖിനോ യുഎഇക്കോ നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.

മയക്കുമരുന്ന് മാഫിയ തലവന്റെ വധവും മെക്‌സിക്കന്‍ ആഭ്യന്തര സംഘര്‍ഷങ്ങളും.

സഹ ആതിഥേയരായ മെക്‌സിക്കോയില്‍ നടക്കുന്ന മയക്കുമരുന്ന് കലാപമാണ് ഇപ്പോള്‍ മെക്‌സിക്കന്‍ സര്‍ക്കാറിനും ഫിഫക്കും തലവേദന സൃഷ്ടിക്കുന്നത്. വിശ്വ മാമാങ്കത്തിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ പ്രതിസന്ധി രൂപപ്പെട്ടത്. കുപ്രസിദ്ധ മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയാ തലവന്‍ നെമെസിയോ ഒസെഗ്വേര സെര്‍വാന്റ് എന്ന 'എല്‍ മെന്‍ചോ ' കൊല്ലപ്പെട്ടതോടെയാണ് ആ രാജ്യത്ത് സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. മെക്‌സിക്കന്‍ സൈന്യത്തിന്റെ റെയ്ഡിനിടയില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു അമേരിക്ക 15 ദശലക്ഷം ഡോളര്‍ തലക്ക് വിലയിട്ട എല്‍ മെന്‍ചോ കൊല്ലപ്പെട്ടത്. അയാള്‍ക്കൊപ്പം സംഘത്തിലെ ആറ് പേരും കൊല്ലപ്പെട്ടതോടെയാണ് മെക്‌സിക്കോയിലെ സ്ഥിതിഗതികള്‍ വഷളായത്. മെക്‌സിക്കോയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് വലിയ തലവേദനയുണ്ടാക്കുന്നത് ആ രാജ്യത്തെ മയക്കുമരുന്ന് കാര്‍ട്ടലുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തന്നെയാണ്. അതുവഴി ഉണ്ടാകുന്ന അക്രമങ്ങളും അരക്ഷിതാവസ്ഥയും സംഘര്‍ഷങ്ങളും അവിടെ നിത്യസംഭവമാണ്. മെക്‌സിക്കോയിലെ മൂന്ന് നഗരങ്ങളിലായി പതിമൂന്ന് മത്സരങ്ങളാണ് നടക്കാന്‍ പോകുന്നത്. അതില്‍ പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ പ്രധാന നഗരമായ ഗ്വാഡലജാരയ്ക്ക് സമീപത്ത് വെച്ചാണ് എല്‍ മെന്‍ചോയും കൂട്ടാളികളും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അതോടെ സംഘര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പടര്‍ന്നു. സര്‍ക്കാര്‍ ഓഫീസുകളും വാഹനങ്ങളും വ്യാപാരകേന്ദ്രങ്ങളുമെല്ലാം അഗ്‌നിക്കിരയായി. ടൂര്‍ണമെന്റില്‍ മെക്‌സിക്കോക്ക് പുറമേ ദക്ഷിണകൊറിയ, ഉറുഗ്വേ, സ്‌പെയിന്‍,കൊളംബിയ എന്നീ ടീമുകള്‍ക്കും ഈ നഗരത്തില്‍ മത്സരങ്ങളുണ്ട്. മയക്കുമരുന്ന് മാഫിയാ ഗ്രൂപ്പുകള്‍ തമ്മില്‍ കൊലവിളികള്‍ നടത്തുമ്പോള്‍ മെക്‌സിക്കന്‍ സര്‍ക്കാറിനും ഫിഫക്കും ആ നഗരത്തില്‍ മത്സരങ്ങള്‍ നടത്താന്‍ വെല്ലുവിളികള്‍ ഏറെയുണ്ടാവും.

ഗാലറിയിലേക്ക് കാണികളെത്തുമോ?

കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ നേടിയ 700 കോടി ഡോളറിനേക്കാള്‍ ഇത്തവണ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ ലക്ഷ്യമിടുന്നത് ആയിരം കോടി ഡോളറിന് മുകളിലുള്ള റെക്കോര്‍ഡ് വരുമാനമാണ്. എന്നാല്‍ ഫിഫയെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയമാണ്. അതിലൊന്നാണ് ഇറാനെതിരായ അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണം. മറ്റൊന്ന് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാവിലക്ക് പട്ടികയിലുള്ള രാജ്യങ്ങളുടെ കാര്യവുമാണ്. ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയ സെനഗല്‍, ഇറാന്‍, ഐവറികോസ്റ്റ്, ഹെയ്തി തുടങ്ങിയ രാജ്യങ്ങളൊക്കെ അമേരിക്കയുടെ യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലെ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും മാത്രമാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ഈ ടീമുകളുടെ ആരാധകര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വലിയ പ്രശ്‌നങ്ങളുണ്ടാവും. മറ്റൊന്ന് ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളാണ്. ഫൈനലിന്റെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് തന്നെ 2000 ഡോളറിലാണ്. മികച്ച സൗകര്യങ്ങളുള്ള സീറ്റുകള്‍ ലഭിക്കണമെങ്കില്‍ ഏകദേശം പതിനായിരം ഡോളറിനടുത്ത് നല്‍കണം. ഒപ്പം പാര്‍ക്കിംഗിന് മാത്രം മൂന്നൂറ് ഡോളറാണ് ഈടാക്കുന്നത്. ഈ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് സാധാരണക്കാരായ ആരാധകരെ ഗാലറിയില്‍ നിന്ന് അകറ്റി നിര്‍ത്തുമോ എന്ന ഭയവും ഫിഫക്കുണ്ട്. ' ചരിത്രപരമായ വഞ്ചന' എന്നാണ് യൂറോപ്പില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകരുടെ കൂട്ടായ്മകള്‍ ഫിഫയുടെ ടിക്കറ്റ് നിരക്കിനെതിരെ പ്രതികരിച്ചത്. ഏതായാലും എല്ലാ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും അസ്വസ്ഥതകളും അവസാനിപ്പിച്ച് സമത്വവും സാഹോദര്യവും നിലകൊള്ളുന്ന ഒരു നല്ല നാളേക്കും, ആവേശം അലതല്ലുന്ന വിശ്വമാമാങ്കത്തിനുമായി നമുക്ക് കാത്തിരിക്കാം.
-മുനീര്‍ വാളക്കുട

Latest News

ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026
പാക് വ്യോമസേനയുടെ പടക്കപ്പലുകള്‍ സൗദിയില്‍, പ്രതിരോധ സഹകരണം ശക്തമാക്കും
പാക് വ്യോമസേനയുടെ പടക്കപ്പലുകള്‍ സൗദിയില്‍, പ്രതിരോധ സഹകരണം ശക്തമാക്കും
April 11, 2026
 സൗദിയില്‍ ഊര്‍ജ്ജ നിലയത്തിന് നേരെയുണ്ടായ ആക്രമണം: കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്റെ മൃതദേഹം ഖബറടക്കി
സൗദിയില്‍ ഊര്‍ജ്ജ നിലയത്തിന് നേരെയുണ്ടായ ആക്രമണം: കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്റെ മൃതദേഹം ഖബറടക്കി
April 11, 2026
 ജിസാനില്‍ മരിച്ച മലയാളി നഴ്‌സ് ഷേര്‍ളി ഡേവിഡ് ജേക്കബിന്റെ മൃതദേഹം തിങ്കളാഴ്ച റാന്നിയില്‍ സംസ്‌കരിക്കും
ജിസാനില്‍ മരിച്ച മലയാളി നഴ്‌സ് ഷേര്‍ളി ഡേവിഡ് ജേക്കബിന്റെ മൃതദേഹം തിങ്കളാഴ്ച റാന്നിയില്‍ സംസ്‌കരിക്കും
April 11, 2026