ജിദ്ദ: ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്കൊരു ദൃഷ്ടാന്തമാണ് ഖുര്‍ആനെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഷൈന്‍ ഷൗക്കത്തലി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'ഖുര്‍ആനിന്റെ അമാനുഷികത' എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പ്രവാചകന്മാര്‍ക്കും ആ കാലഘട്ടത്തിന് യോജിച്ച ചില അത്ഭുതസിദ്ധികളാണ് സൃഷ്ടാവ് നല്‍കിയതെങ്കില്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ)ക്ക് നല്‍കിയ ഖുര്‍ആന്‍ ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഒരത്ഭുതമാണ്. പ്രവാചകന്റെ കാലത്ത് ജീവിച്ചിരുന്ന ഉമര്‍ (റ) അടക്കമുള്ള പലരും ആദ്യകാലത്ത് അദേഹത്തിന്റെ കടുത്ത ശത്രുക്കളായിരുന്നെങ്കിലും ഖുര്‍ആന്‍ വചനങ്ങളാണ് അവരിലെല്ലാം മാറ്റമുണ്ടാക്കിയത്.
'ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുന്നത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടാണ്' എന്ന ഖുര്‍ആന്‍ വചനമാണ് വിഖ്യാത അമേരിക്കന്‍ ഗായകനായ ലൂണിനെ ഇസ്ലാമിലേക്ക് എത്തിച്ചത്. ഫ്രഞ്ച് പട്ടാളത്തിനെതിരെ ശക്തമായി പോരാടിയ അല്‍ജീരിയന്‍ ജനതയുടെ ചെറുത്ത്‌നില്‍പ്പിനെ നേരിടാന്‍ ഖുര്‍ആനും അറബി ഭാഷയും അവരില്‍ നിന്ന് തകര്‍ത്താലേ സാധ്യമാകൂ എന്നാണ് അക്കാലത്ത് ഒരു ഫ്രഞ്ച് പട്ടാളക്കാരന്‍ അഭിപ്രായപ്പെട്ടത്. ഈ ആധുനിക കാലഘട്ടത്തിലും ഇതെല്ലാം നമുക്ക് ബോധ്യപ്പെടുത്തുന്നത് ഖുര്‍ആനിന്റെ പവറാണെന്നും അതിനാല്‍ നമ്മള്‍ ശത്രുക്കളെ ഭയപ്പെടുന്നതിന് പകരം അവര്‍ക്ക് ഖുര്‍ആന്‍ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തി.
അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷിഹാബ് സലഫി നന്ദിയും പറഞ്ഞു.
Related News