കണ്ണൂര്‍: സി.പി.എം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പരസ്യ വിയോജിപ്പ് പ്രടകടിപ്പിച്ച് പത്തനംതിട്ട ജില്ല സെക്രട്ടറിയറ്റ് അംഗവും മുന്‍ എം.എല്‍.എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പദ്മകുമാറിനു പിന്നാലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും മഹിള അസോസിയേഷന്‍ നേതാവുമായ എന്‍. സുകന്യയും രംഗത്ത്. പത്മകുമാറിനെ പോലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെയാണ് സുകന്യയും നീരസം പ്രകടിപ്പിച്ചത്.
'ഓരോ അനീതിയിലും നീ കോപത്താല്‍ വിറക്കുന്നുണ്ടെങ്കില്‍ നീ എന്റെ ഒരു സഖാവാണ്..... ചെഗുവേര' -എന്നാണ് സുകന്യ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ സുകന്യ വിശദീകരണവുമായി രംഗത്തെത്തി. പാര്‍ട്ടി തീരുമാനത്തില്‍ തനിക്ക് അതൃപ്തിയില്ലെന്നും ദുര്‍വ്യാഖ്യാനം വേണ്ടെന്നും സുകന്യ വിശദീകരിച്ചു. പ്രൊഫൈല്‍ ചിത്രം മാറ്റിയപ്പോള്‍ ഒരു വാചകം കൂടി ചേര്‍ത്തതാണ്. ഒരുപാട് ഘടകങ്ങള്‍ ആലോചിച്ചാണ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നത്. പാര്‍ട്ടി തന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ചിട്ടുണ്ട്. തനിക്ക് കഴിയും പോലെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുകന്യ പറഞ്ഞു. എങ്കിലും സംസ്ഥാന നേതൃത്വത്തില്‍ വനിതാ പ്രാതിനിധ്യം വര്‍ധിക്കേണ്ടതാണെന്ന അഭിപ്രായവും അവര്‍ പ്രകടിപ്പിച്ചു. പി.െക. ശ്രീമതി ഒഴിവാകുമ്പോള്‍ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന വനിതാ നേതാവെന്ന നിലയില്‍ തന്നെ പരിഗണിക്കുമെന്നായിരുന്നു സുകന്യയും സുകന്യയെ അനുകൂലിക്കുന്നവരും കരുതിയിരുന്നത്.
'ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍ സലാം...' എന്ന കമന്റോടും ദുഖിതനായിരിക്കുന്ന ഫോട്ടോയും സഹിതമാണ് പത്മകുമാര്‍ തന്റെ നിരസം ഫോസ്ബുക്കിലൂടെ പ്രകടിപ്പിച്ചത്. ഉച്ചഭക്ഷണത്തിന് നില്‍ക്കാതെ പ്രതിഷേധ സൂചകമെന്നോണം പത്മകുമാര്‍ സമ്മേളന നഗരി വിടുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ പാര്‍ട്ടി വിട്ടു പോകില്ലെന്നും ഒരു സാധാരണ പ്രവര്‍ത്തകനായി ലോക്കല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. പ്രമോഷന്റെ അടിസ്ഥാനം പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകണം, അതല്ലാതെ പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനം മാത്രം അടിസ്ഥാനമാക്കരുതെന്ന് വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തിയതിലുള്ള നീരസമെന്നോണം പത്മകുമാര്‍ പറഞ്ഞു.
Related News