ലഖ്‌നോ: എസ്പി നേതാവ് മുലായം സിങ് യാദവിനെതിരെ മത്സരിച്ചിട്ടുള്ള ബിജെപി സീനിയര്‍ നേതാവ് ഗുല്‍ഫാം സിങ് യാദവിനെ (60) മൂന്നംഗ സംഘം വിഷം കുത്തിവച്ച് കൊലപ്പെടത്തി. ഉത്തര്‍പ്രദേശിലെ സംഭാല്‍ ഡഫ്റ്റാര ഗ്രാമത്തിലെ ഫാം ഹൗസില്‍ ഇന്നലെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവച്ച് യാദവിനെ കൊലപ്പെടുത്തിയത്. വിഷം കുത്തിവച്ച ശേഷം അക്രമികള്‍ കടന്നുകളഞ്ഞെന്ന് പോലീസ് പറഞ്ഞു.
നേതാവിനെ സന്ദര്‍ശിക്കാനെന്ന പേരില്‍ എത്തിയതായിരുന്നു അക്രമികള്‍. സുഖവിവരങ്ങള്‍ അന്വേഷിച്ചതിനു പിന്നാലെ യാദവില്‍നിന്നും വെള്ളം വാങ്ങിക്കുടിച്ചു. വെള്ളം നല്‍കിയ ശേഷം മുറിയില്‍ കിടക്കാന്‍ പോയ യാദവിന്റെ വയറ്റില്‍ വിഷം കുത്തിവച്ച് അക്രമി സംഘം കടന്നുകളയുകയായിരുന്നു. വേദനകൊണ്ടു നിലവിളിച്ച യാദവിനെ ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവ സ്ഥലത്തുനിന്നും ഹെല്‍മറ്റും സിറിഞ്ചും അന്വേഷണ സംഘം കണ്ടെത്തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ്പി കൃഷ്ണ കുമാര്‍ ബിഷ്‌ണോയ് പറഞ്ഞു. 2004ല്‍ ഗുന്നൗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എസ്പി നേതാവ് മുലായം സിങ് യാദവിനെതിരെ ബിജെപി ടിക്കറ്റില്‍ യാദവ് മത്സരിച്ചത്. ബിജെപിയില്‍ നിരവധി പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
Related News