ന്യൂഡല്‍ഹി: ഈ അധ്യയന വര്‍ഷത്തില്‍ 759,064 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിവിധ വിദേശ രാജ്യങ്ങളില്‍ പഠനം നടത്തുന്നുണ്ടെന്നും ഇവര്‍ മദദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സു കാന്ത മജുംദാര്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ എം പിയെ അറിയിച്ചു. വിദേശത്ത് വിദ്യാഭ്യാസവും പാര്‍ട്ട് ടൈം ജോലിയും വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളുടെ തെറ്റായ വാഗ്ദാനങ്ങളുടെ പേരില്‍ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കെണിയില്‍ വീഴുന്നുണ്ടെന്നും അടിയന്തര സാഹചര്യങ്ങളില്‍ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി നിര്‍ദ്ദേശിക്കുന്നുണ്ടോ എന്നും ചോദ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദേശത്തേക്ക് പോകുമ്പോള്‍ പഠനം/വിദ്യാഭ്യാസം എന്ന നിലയില്‍ തങ്ങളുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണം 2022, 2023 വര്‍ഷങ്ങളില്‍ 750,365, 892,989 എന്നിങ്ങനെയാണ്. വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നമ്മുടെ പൗരന്മാര്‍ക്ക് ഉണ്ടാകുന്ന ആകസ്മിക ചെലവുകള്‍ നിറവേറ്റുന്നതിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ICWF) രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യ സര്‍ക്കാര്‍ വിദേശത്തുള്ള എല്ലാ ഇന്ത്യന്‍ മിഷനുകളിലും പോസ്റ്റുകളിലും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മദദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വഴി അവരുടെ പരാതികളും പ്രശ്‌നങ്ങളും സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്ക് മന്ത്രി പാര്‍ലമെന്റില്‍ മറുപടി നല്‍കി.
Related News