രാജ്‌കോട്ട്: 76ാം വയസില്‍ രണ്ടാം വിവാഹം കഴിക്കാനുള്ള ആഗ്രഹത്തിനു തടസം നിന്ന മകനെ പിതാവ് വെടിവച്ച് കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ജസ്ദന്‍ സ്വദേശിയായ റാംഭായ് എന്ന രാംകുഭായ് ബോറിച്ചയാണ് മകന്‍ പ്രതാപ് ബോറിച്ചയെ (52) വെടിവച്ച് കൊന്നത്.
രണ്ടാം വിവാഹം കഴിക്കാനുള്ള റാംഭായിയുടെ തീരുമാനത്തെചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ പിതാവ് മകനു നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് തവണ വെടിയേറ്റ പ്രതാപ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
കൊല്ലപ്പെട്ട പ്രതാപന്റെ ഭാര്യ ജയയാണ് ബോറിച്ചയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രണ്ട് പതിറ്റാണ്ട് മുമ്പ് ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് പുനര്‍വിവാഹം കഴിക്കാനുള്ള റാംഭായിയുടെ ആഗ്രഹമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Related News