ചികിത്സാ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ പിഴവ് മൂലം രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് മരിച്ചത്. ഗര്‍ഭപാത്രം നീക്കുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്ക് വിലാസിനി വിധേയായിരുന്നു. ഇതിനിടെ കുടലിന് മുറിവേറ്റാണ് മരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഈ മാസം നാലിനാണ് വിലാസിനിയെ ഗര്‍ഭപാത്രം നീക്കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടന്നു. എന്നാല്‍, ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റുവെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. തുന്നലിട്ടിട്ടുണ്ടെന്നും മറ്റുപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം ദിവസം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ വയറുവേദന കൂടുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു.
തുടര്‍ന്ന് അണുബാധയുണ്ടെന്ന് അറിയിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാല്‍, ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളാകുകയും ബുധനാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയുമായിരുന്നു. എന്നാല്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Related News