റിയാദ്: പതിവുപോലെ അവധിക്കാലം സൗദിയില്‍ കുടുംബവുമൊത്ത് ആഘോഷിക്കാന്‍ കാത്തിരുന്നവരെ നിരാശരാക്കുന്നതാണ് സൗദി സന്ദര്‍ശക വിസയില്‍ വരുത്തിയ മാറ്റങ്ങള്‍. വിസിറ്റിംഗ് വിസ അപേക്ഷകര്‍ക്ക് ഏത് തരം വിസയാണ് അനുവദിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം ഇനി മുതല്‍ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോണ്‍സുലേറ്റിനോ ആയിരിക്കും. സിന്‍ഗിള്‍, മള്‍ട്ടിപ്പിള്‍ വിസ തെരഞ്ഞെടുക്കാനുള്ള അവകാശം അപേക്ഷകനുണ്ടാവില്ല. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ അനുവദിക്കുന്ന സൈറ്റില്‍ നിന്ന് സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ഓപ്ഷനുകള്‍ പിന്‍വലിച്ചതോടെയാണിത്. ഇതു പല കുടുംബങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കും.
ഒരു വര്‍ഷത്തില്‍ തന്നെ പലതവണ പോയിവരാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അധിക കുടുംബങ്ങളും എടുക്കാറുള്ളത്. അതനുസരിച്ച് യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇനി ഏതു വിസയാണ് ലഭിക്കുകയെന്ന് ഉറപ്പില്ലാത്തതിനാല്‍ ദീര്‍ഘകാല താമസം ലക്ഷ്യമിട്ട് യാത്ര പ്ലാന്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് വന്നിരിക്കുന്നത്. ഹജിന് ഇനി അധിക ദിവസങ്ങളില്ലാത്തതിനാല്‍ വിസിറ്റിംഗ് വിസയിലും ഉംറ വിസയിലുമുള്ളവരെല്ലാം ഏപ്രില്‍ 29ന് മുന്‍പ് രാജ്യം വിട്ടിരിക്കണമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ട്. അതിനാല്‍ മാര്‍ച്ചില്‍ പരീക്ഷ കഴിഞ്ഞ് പോകാനിരുന്ന കുടുംബങ്ങള്‍ക്ക് ഇക്കുറി കുറച്ചു ദിവസമേ സൗദിയില്‍ തങ്ങാന്‍ സാധിക്കൂ. ഇതോടൊപ്പം പുതിയ നിയമം കൂടി വന്നതോടെ കുടുംബങ്ങളില്‍ പലരും യാത്ര ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്.
ഒരു വിസയില്‍ സൗദിയിലേക്ക് പലവട്ടം വരാന്‍ സാധിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അപേക്ഷ സൗകര്യം നേരത്തെ രണ്ടു മാസം മുന്‍പ് പിന്‍വലിച്ചിരുന്നു. ഇത് പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും വി.എഫ്.എസ് കേന്ദ്രങ്ങളില്‍ സൗകര്യം പുനഃസ്ഥാപിച്ചില്ല. വിസിറ്റിംഗ് വിസക്ക് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സിംഗിള്‍ എന്‍ട്രിയാണ് അനുവദിച്ചത്. എന്നാല്‍ ഇന്നലെ (വ്യാഴം) മുതല്‍ ഈ സൗകര്യവും സൗദി വിദേശകാര്യ മന്ത്രാലയം സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. മള്‍ട്ടിപ്പിള്‍, സിംഗിള്‍ എന്‍ട്രി സൗകര്യം നിലവില്‍ സൈറ്റില്‍ ലഭ്യമല്ല. അപേക്ഷ നല്‍കാനുള്ള സൗകര്യം മാത്രമാണ് സൈറ്റിലുള്ളത്. ഇനി മുതല്‍ അപേക്ഷകന് ഏതു തരം വിസ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അധികാരം അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോണ്‍സുലേറ്റിനോ മാത്രമായിരിക്കും. നിലവിലെ മാറ്റം താല്‍ക്കാലികമാണോ, സ്ഥിരമാണോ എന്നകാര്യത്തില്‍ വ്യക്തതയില്ല. രണ്ടു മാസം മുന്‍പുണ്ടായ മാറ്റം ഹജ് പരിഗണിച്ചാണെന്നു വിചാരിച്ചിരിക്കെയാണ് പുതിയ മാറ്റം വന്നിട്ടുള്ളത്.
വിസിറ്റിംഗ് വിസ ഉദാരമായതോടെ ലെവി ഒഴിവാക്കുന്നതിനും മറ്റുമായി സൗദിയില്‍ ജോലി ചെയ്യുന്നവരില്‍ പലരും കുടുംബങ്ങളെ വിസിറ്റിംഗ് വിയില്‍ കൊണ്ടുവന്നാണ് താസിപ്പിച്ചിരുന്നത്. ഇങ്ങനെ വന്നവര്‍ രാജ്യത്തെ നിയമം ലംഘിച്ച് താല്‍ക്കാലിക ജോലി ചെയ്യലും കുട്ടികളെ വിദ്യാലയങ്ങളിലയക്കലുമെല്ലാം ചെയ്തിരുന്നു. സ്‌കൂളുകള്‍ക്ക് വിസിറ്റിംഗ് വിസയിലുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ അനുമതിയില്ലെങ്കിലും സ്വകാര്യ സ്‌കൂളുകളില്‍ ചിലതെല്ലാം നിയമലംഘനം നടത്തി പ്രവേശനം നല്‍കിയിരുന്നു. ഇങ്ങനെയുള്ളവരുടെ എണ്ണം വര്‍ധിച്ചതാവാം വിസിറ്റിംഗ് വിസയിലെ പുതിയ മാറ്റങ്ങള്‍ക്കു കാരണമെന്നാണ് സൂചന.
Related News