ദോഹ: ഗാസയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനും സ്വതന്ത്ര ഫലസ്തീന്‍ എന്ന പരിഹാരത്തിലൂടെ മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാനും അറബ് രാഷ്ട്ര മേധാവികള്‍ ദോഹയില്‍ ആവശ്യപ്പെട്ടു. ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ച് ഗാസ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് ബദലായി അറബ് രാജ്യങ്ങള്‍ തയാറാക്കിയ ഗാസ പുനര്‍നിര്‍മാണ പദ്ധതി ദോഹയില്‍ യോഗത്തില്‍ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന് മുമ്പാകെ അവതരിപ്പിച്ചു. ദോഹയില്‍ ഖത്തര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ പ്രതിനിധികളാണ് ഗാസ പുനര്‍നിര്‍മാണ പദ്ധതി വിശദീകരിച്ചത്. പദ്ധതിയെ ഹമാസും സ്വാഗതം ചെയ്തിട്ടുണ്ട്.
ഈ മാസം നാലിന് ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ നടന്ന ഉച്ചകോടിയിലാണ് ഫലസ്തീനികളെ സ്വന്തം മണ്ണില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടുള്ള പുനര്‍നിര്‍മാണ പദ്ധതി അറബ് രാജ്യങ്ങള്‍ തയ്യാറാക്കിയത്. പദ്ധതി സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ യു.എസ് പ്രതിനിധിയും അറബ് രാഷ്ട്ര വിദേശകാര്യ മന്ത്രിമാരുടെ സംഘവും ധാരണയിലെത്തി. ഖത്തര്‍ പ്രധാനമന്ത്രിക്കു പുറമെ, ജോര്‍ദാന്‍, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ വിദേശകാര്യ മന്ത്രിമാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഹുസൈന്‍ അല്‍ ശൈഖും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അറബ് രാജ്യങ്ങളുടെ ഗാസ പുനര്‍നിര്‍മാണ പദ്ധതിക്ക് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. 5300 കോടിയോളം ഡോളര്‍ ചെലവുവരുന്ന പദ്ധതിയെ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് സ്വാഗതം ചെയ്തത്.
അതേസമയം അമേരിക്കന്‍ സാന്നിധ്യത്തില്‍ ഹമാസ്-ഇസ്രായേല്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ദോഹയില്‍ പുരോഗമിക്കുകയാണ്. ഒന്നാംഘട്ട വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് നീട്ടണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചതായാണ് വിവരം.
Related News