കൊച്ചി: പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു കൈക്കൂലി ആവശ്യപ്പെട്ട പോലീസുകാരന്‍ വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ സ്‌പോട് ട്രാപ് ' കെണിയില്‍ വീണു. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ എല്‍ദോ പോള്‍ ആണ് അറസ്റ്റിലായത്. കൊങ്ങോര്‍പ്പിള്ളിക്കാരന്റെ പരാതിയിലാണ് വിജിലന്‍സ് കെണിയൊരുക്കിയത്.
പരാതിക്കാരന്‍ കഴിഞ്ഞ ആഴ്ചയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. കഴിഞ്ഞ ദിവസം പരാതിക്കാരന്റെ ഫോണിലേക്കു വന്ന മിസ്ഡ് കോളില്‍ തിരികെ വിളിച്ചപ്പോള്‍ വരാപ്പുഴ സ്റ്റേഷനിലെ സിപിഒ ആണെന്നും പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു നേരിട്ടു കാണണമെന്നും പറഞ്ഞു. പിറ്റെ ദിവസം വീണ്ടും വിളിച്ചപ്പോള്‍ വരാപ്പുഴയില്‍ കാണാമെന്നും വെരിഫിക്കേഷന്‍ നടത്തുന്നതിനായി 500 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഈ വിവരം പരാതിക്കാരന്‍ വിജിലന്‍സ് മധ്യമേഖല സൂപ്രണ്ടിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണു എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം 'ഓപ്പറേഷന്‍ സ്‌പോട് ട്രാപ് ' കെണിയൊരുക്കുകയായിരുന്നു. പറഞ്ഞ പ്രകാരം വൈകിട്ട് 4.30ന് വരാപ്പുഴ ചെട്ടിഭാഗം മാര്‍ക്കറ്റിനു സമീപം പോലീസുകാരന്‍ എത്തുകയും പരാതിക്കാരനില്‍നിന്നു കൈക്കൂലി വാങ്ങുകയും ചെയ്യുന്നതിനിടെയാണ് എല്‍ദോയെ വിജിലന്‍സ് വലയിലാക്കിയത്.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 1064, വാട്‌സാപ് നമ്പര്‍ 94477 89100 അറിയിക്കണമെന്നു വിജിലന്‍സ് വിഭാഗം അറിയിച്ചു.
Related News