ജിസാന്‍: സൗഹാര്‍ദ്ധത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പങ്കുവെക്കലിന്റെയും പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ട് കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇരുപത്തി മൂന്നാമത് മെഗാ ഇഫ്താര്‍ വിരുന്ന് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഒത്തുചേരലിന്റെ അനുകരണീയ മാതൃക മാനദണ്ഡമാക്കിയ പ്രവര്‍ത്തനമാണു കെ.എം.സി.സി യുടേതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഇത്തിഹാദ് സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ അഹമ്മദ് ഹസന്‍ അല്‍ സഹ്ലി അഭിപ്രായപ്പെട്ടു. ഇഫ്താര്‍ വിരുന്നില്‍ വിശിഷ്ടാതിഥിയായി സുഡാനീസ് ഹാസിം ബ്രിഗേഡ് അബൂബക്കര്‍ ഉസ്മാന്‍ അല്‍ ഖാസിം സംബന്ധിച്ചു. കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഇഫ്താര്‍ സന്ദേശം കൈമാറി.
പ്രോഗ്രാം കണ്‍വീനര്‍ ഡോ.മന്‍സൂര്‍ നാലകത്ത് സ്വാഗതം ആശംസിച്ച ഇഫ്താര്‍ വിരുന്നിന് കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഷംസു പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജിസാനിലെ മത സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങള്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചെയര്‍മാന്‍ മുനീര്‍ ഹുദവി ഉള്ളണം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രൗഢ ഗംഭീരമായ ഇഫ്താര്‍ വിരുന്നിന് സ്ഥലം അനുവദിച്ച സ്റ്റാര്‍വണ്‍ സ്‌പോര്‍ട്‌സ് അക്കാദമി മാനേജര്‍ ഉസ്താദ് അലി ഹാലവിക്കുള്ള സ്‌നേഹോപഹാരം സൗദി കെ.എം.സി.സി സെക്രട്ടറിയേറ്റ് മെമ്പര്‍ ഗഫൂര്‍ വാവൂര്‍ കൈമാറി.
സംഘാടക മികവ് കൊണ്ടും ചിട്ടയായ വളണ്ടിയര്‍ സേവനം കൊണ്ടും കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ കുടുംബിനികളും കുട്ടികളും ഉള്‍പ്പെടെ ഏകദേശം രണ്ടായിരത്തോളം ആളുകള്‍ സംബന്ധിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍,വിവിധ ഏരിയാ കമ്മിറ്റി പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിര്‍ വിങ് തുടങ്ങിയവരുടെ ചടുലമായ പ്രവര്‍ത്തനം മെഗാ ഇഫ്താര്‍ വിരുന്നിന്റെ സുഖകരമായ നടത്തിപ്പിന് ആക്കം കൂട്ടി. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം ട്രഷററുമായ പി.എ സലാം പെരുമണ്ണ നന്ദി പറഞ്ഞു.
Related News