റിയാദ്: വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലിക്ക് യന്ത്രമനുഷ്യനെ നിയമിച്ച് സൗദി അറേബ്യ. വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൗദി ഗ്രൗണ്ട് സര്‍വിസസ് കമ്പനിയാണ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലിക്കായി ഇതാദ്യമായി 'ഡിജിറ്റല്‍ ജീവനക്കാരനെ' നിയമിച്ചത്. ഇതിന്റെ ഉദ്ഘാടനം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എന്‍ജി. സ്വാലിഹ് ബിന്‍ മനാസര്‍ അല്‍ ജാസര്‍ നിര്‍വഹിച്ചു. സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ ദുവൈലെജ്, സൗദി ഗ്രൗണ്ട് സര്‍വിസസ് കമ്പനി സി.ഇ.ഒ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം മാസി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 'ഡിജിറ്റല്‍ ജീവനക്കാരന്' പ്രഫഷനല്‍ കാര്‍ഡും നിയമന ഉത്തരവും മന്ത്രി കൈമാറി.
ഈ ഡിജിറ്റല്‍ ജീവനക്കാരന്‍ തന്റെ ജോലികള്‍ സ്വമേധയാ എളുപ്പത്തിലും വേഗത്തിലും ചെയ്യും. ഇതിലൂടെ പ്രതിവര്‍ഷം 10,000 മണിക്കൂര്‍ ലാഭിക്കാനാവുമെന്നാണ് പ്രതീക്ഷ. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങുമായി ബന്ധപ്പെട്ട പതിവുജോലികളാണ് യന്ത്ര മനുഷ്യന്‍ ചെയ്യുക. ഹാജര്‍ മാനേജ്‌മെന്റ്, വേഗത്തിലുള്ള റിപ്പോര്‍ട്ടിങ്, ഡാറ്റ വിശകലനം എന്നിവ ചുമതലകളിലുള്‍പ്പെടുന്നു. ആവശ്യമായ കൃത്യത പാലിക്കുന്നതിനും പ്രവര്‍ത്തന ആവശ്യകതകള്‍ക്ക് അനുസൃതമായി ടീമുകളുടെ സന്നദ്ധത തത്സമയം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. ഇത് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും വിമാന കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും ഉപകരിക്കുമെന്ന് കമ്പനി അറിയിച്ചു.
Related News