ജിദ്ദ: റമദാനായാല്‍ എങ്ങും സജീവ ചര്‍ച്ചകള്‍ റമദാനിലെ പ്രാര്‍ത്ഥനകള്‍, ദാന ധര്‍മ്മങ്ങള്‍, ഇഫ്ത്താറുകള്‍ എന്നിവയെക്കുറിച്ചു നിറയും. ഇഫ്ത്താറിന്റെ സുപ്രയില്‍ വ്യത്യാസങ്ങളില്ല. ജാതിയോ മതമോ നിറമോ ആസ്തിയോ പ്രാദേശിക ഭേദമോ ഇല്ല. ആര്‍ക്കും ആരോടൊപ്പവുമിരിക്കാം. ഏവര്‍ക്കും മതിയാവോളം കഴിക്കാനായ് ഒരേ ഭക്ഷ്യവിഭവങ്ങള്‍. അതില്‍ പഴങ്ങളും പഴച്ചാറുകളും ഇറച്ചി ഉള്‍പ്പടെയുള്ളവ. താന്‍ കഴിക്കുന്നതിനേക്കാള്‍ മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നതിലാണ് ഓരോരുത്തരും ധന്യത നേടുന്നത്. ഒരുമിച്ചിരിക്കലും ഒരുമിച്ച് ഭക്ഷിക്കലും ഒരുമിച്ച് പ്രാര്‍ത്ഥിക്കലും സ്വാര്‍ത്ഥത വെടിഞ്ഞ നിമിഷങ്ങള്‍ നിറച്ച് ധന്യമാക്കുകയാണ് ഓരോ ഇഫ്ത്താര്‍ വിരുന്നും. ആദി മാതാവായ ഹവ്വയുടെ നാടായ ജിദ്ദയില്‍ ഇഷ്ഖ് പൂത്തുലയുകയാണ് പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍.
ജിദ്ദയിലെ ചെറുതും വലിയതുമായ കൂട്ടായ്മകള്‍ ഇഫ്ത്താറെന്ന സ്‌നേഹ വിരുന്നുകള്‍ സംഘടിപ്പിക്കുന്നതില്‍ വ്യാപൃതരാണ്. അതില്‍ മുഖ്യധാരാ സംഘടനകളായ നവോദയ, ഒഐസിസി, കെഎംസിസി, ജില്ലാ കൂട്ടായ്മകളായ തിരുവനന്തപുരം സ്വദേശി സംഗമം, കൊല്ലം പ്രവാസി സംഗമം, സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസ്സോസിയേഷന്‍, ജിദ്ദ തിരുവിതാംകൂര്‍ അസ്സോസിയേഷന്‍, പത്തനംതിട്ട ജില്ലാ സംഗമം, തൃശൂര്‍ സൗഹൃദവേദി, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍, കോട്ടയം എന്നിവയും വേള്‍ഡ് മലയാളി ഫെഡറേഷന്‍, ഐഡിസി, തനിമ, ഇസ്ലാഹി സെന്ററുകള്‍, സുന്നീ കൂട്ടായ്മകള്‍ എന്നിവ സ്‌നേഹവിരുന്നിലൂടെ ഡിപ്ലോമസി സൃഷ്ടിക്കുകയാണ്. ഈ വര്‍ഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും വിപുലമായി ഇന്ത്യന്‍ പൊതു സമൂഹത്തിന്നായും ശ്രദ്ധേയമായ രീതിയില്‍ ഇഫ്ത്താര്‍ സംഘടിപ്പിച്ചു.
ലോക മാനവ സമൂഹത്തിന് സന്തോഷവും സമാധാനവും നിറഞ്ഞു കവിയുന്ന ഒന്നാകട്ടെ ഈ റമദാന്റെ അനുഗ്രഹങ്ങള്‍. വിശപ്പറിഞ്ഞവന്‍ വിശപ്പു മാറ്റിക്കൊടുത്ത് വിശാലമായ സൗഹൃദവും സാഹോദര്യവും പണിതുയര്‍ത്തുന്നു.
-നസീര്‍ വാവാക്കുഞ്ഞ്
Related News