ദുബായ്: 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസ മണ്ണില്‍ എത്തിയ ആലപ്പുഴ ജില്ലാ തൃക്കുന്നപ്പുഴ (ഹരിപ്പാട്) സ്വദേശി സനല്‍ കുമാര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നു. തൃക്കുന്നപ്പുഴ പാനൂര്‍ മഞ്ചാടിത്തറയില്‍ ഭരതന്റെയും വിമലയുടെ മകനാണ് സനല്‍. കുടുംബത്തോടൊപ്പം 1995 ജനുവരി 6 ദുബായില്‍ എത്തിയ സനല്‍ വ്യത്യസ്ത കമ്പനികളില്‍ ജോലി ചെയ്തു. ഇപ്പോള്‍ 20 വര്‍ഷമായി ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നുമാണ് പ്രവാസത്തോട് വിട പറഞ്ഞു സനല്‍ നാട്ടിലേക്ക് പോകുന്നത്. കഷ്ടപ്പാടുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഒരു പരിഹാരം തേടിയാണ് പ്രവാസ മണ്ണില്‍ എത്തിയത്. ദീര്‍ഘകാല പ്രവാസജീവിതം കൊണ്ട് വലിയ സമ്പാദ്യങ്ങള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും കഷ്ടപ്പാടുകള്‍ക്ക് അറുതിയുണ്ടാക്കാനായി. അതോടൊപ്പം പ്രവാസഭൂമിയില്‍ നിന്നുകൊണ്ട് ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും ഒരുപാട് പേര്‍ക്ക് തണലാകാനും നല്ല സുഹൃത്ത് ബന്ധങ്ങള്‍ നേടാനും സാധിച്ചു.
സേവന പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴ ജില്ലാ പ്രവാസി സമാജത്തിന്റെ (Ajps) സജീവ പ്രവര്‍ത്തകനായിരുന്നു. പ്രവാസ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു. പ്രവാസജീവിതം കൊണ്ട് രണ്ടു മക്കള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കാനും രണ്ടുപേരുടെയും വിവാഹം നടത്താനും സാധിച്ചു. ശിഷ്ടകാലം കുടുംബത്തോടൊപ്പം നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കഴിയാനാണ് ആഗ്രഹമെന്ന് സനല്‍ പറഞ്ഞു. ഭാര്യ - രമ. മക്കള്‍ - ഗായത്രി, അപര്‍ണ്ണ.
Related News