അബുദാബി- യു.എ.ഇയിലെ തൊഴില്‍ നിയമം സ്വകാര്യ മേഖലയില്‍ സന്തുലിതവും ചലനാത്മകവുമായ ഒരു തൊഴില്‍ ശക്തി സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വിദേശ തൊഴിലാളികളെയും പ്രാദേശിക പ്രതിഭകളെയും നിയമിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഈ നിയമം നല്‍കുന്നു, കൂടാതെ തൊഴിലിന്റെ പ്രധാന വശങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.
മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കായി വിവിധതരം തൊഴില്‍ പെര്‍മിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ഒരു പ്രൊഫഷണലോ വിദ്യാര്‍ത്ഥിയോ ഫ്രീലാന്‍സറോ അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലി തേടുന്നയാളോ ആകട്ടെ, വ്യത്യസ്ത തൊഴില്‍ പദ്ധതികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഓരോ പെര്‍മിറ്റും തയ്യാറാക്കിയിരിക്കുന്നത്.
സാധുവായ പെര്‍മിറ്റില്ലാതെ യു.എ.ഇയില്‍ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഓരോ പെര്‍മിറ്റും ഒരു പ്രത്യേക ജോലിക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, ഇത് ആളുകള്‍ക്ക് രാജ്യത്തിന്റെ വളരുന്ന സമ്പദ്വ്യവസ്ഥക്ക് സംഭാവന നല്‍കാന്‍ സഹായിക്കുന്നതിനൊപ്പം ജോലി ചെയ്യുന്നത് എളുപ്പമാക്കുന്നു. 2025-ല്‍ ലഭ്യമായ 13 തൊഴില്‍ പെര്‍മിറ്റ് ഓപ്ഷനുകളെക്കുറിച്ചറിയാം.
സ്റ്റാന്‍ഡേര്‍ഡ് വര്‍ക്ക് പെര്‍മിറ്റ്: യു.എ.ഇ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയമിക്കാന്‍ ഇത് അനുവദിക്കുന്നു. വിസ, വര്‍ക്ക് പെര്‍മിറ്റുകള്‍, താമസ രേഖകള്‍ എന്നിവ നേടാനുള്ള ഉത്തരവാദിത്തം തൊഴിലുടമകള്‍ക്കാണ്.
ട്രാന്‍സ്ഫര്‍ വര്‍ക്ക് പെര്‍മിറ്റ്: വിദേശ തൊഴിലാളികള്‍ക്ക് രാജ്യം വിടാതെ യു.എ.ഇയില്‍ ജോലി മാറാന്‍ ഇത് അനുവദിക്കുന്നു. ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റാനുള്ള വര്‍ക്ക് പെര്‍മിറ്റ് ആണിത്.
കുടുംബം വഴിയുള്ള റസിഡന്‍സ് വിസയുള്ളവര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ്: കുടുംബ സ്‌പോണ്‍സര്‍ഷിപ്പില്‍ ഉള്ള വ്യക്തികളെ തൊഴിലുടമയുടെ വിസ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാതെ യു.എ.ഇയില്‍ ജോലി ചെയ്യാന്‍ ഈ പെര്‍മിറ്റ് അനുവദിക്കുന്നു.
താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റുകള്‍: ഹ്രസ്വകാല പ്രോജക്റ്റുകള്‍ക്കോ പ്രത്യേക ജോലികള്‍ക്കോ ഇവ അനുവദിക്കുന്നു, ഇത് ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടാതെ പരിമിതമായ കാലയളവിലേക്ക് തൊഴിലാളികളെ നിയമിക്കാന്‍ കമ്പനികള്‍ക്ക് സൗകര്യം നല്‍കുന്നു.
ഒണ്‍-മിഷന്‍ പെര്‍മിറ്റ്: ഹ്രസ്വകാലത്തേക്ക് താല്‍ക്കാലിക ജോലിയോ പ്രത്യേക പ്രോജക്‌റ്റോ പൂര്‍ത്തിയാക്കാന്‍ വിദേശത്ത് നിന്ന് തൊഴിലാളിയെ നിയമിക്കുന്നതിന് ഈ പെര്‍മിറ്റ് നല്‍കുന്നു.
പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ്: ഒരു പാര്‍ട്ട് ടൈം കരാറിന് കീഴില്‍ ഒരു തൊഴിലാളിയെ നിയമിക്കാന്‍ ഈ പെര്‍മിറ്റ് നല്‍കുന്നു. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് ശേഷം തൊഴിലാളിക്ക് ഒന്നിലധികം തൊഴിലുടമകള്‍ക്ക് വേണ്ടി ജോലി ചെയ്യാം.
ജുവനൈല്‍ വര്‍ക്ക് പെര്‍മിറ്റ്: 15-18 വയസ്സ് പ്രായമുള്ള കൗമാരക്കാര്‍ക്ക് ലഭ്യമാണ്, സുരക്ഷ ഉറപ്പാക്കാന്‍ ജോലി സമയങ്ങളിലും ജോലി തരങ്ങളിലും നിയന്ത്രണങ്ങളുണ്ട്.
വിദ്യാര്‍ത്ഥി പരിശീലനം, തൊഴില്‍ പെര്‍മിറ്റ്: അനുയോജ്യമായ പരിശീലനവും തൊഴില്‍ അന്തരീക്ഷവും ഉറപ്പാക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി, ഇതിനകം യു.എ.ഇയിലുള്ള 15 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെ നിയമിക്കാന്‍ ഇതിലൂടെ സാധിക്കും.
യു.എ.ഇ, ജി.സി.സി ദേശീയ വര്‍ക്ക് പെര്‍മിറ്റ്: എമിറാത്തി, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) പൗരന്മാര്‍ക്ക് തൊഴില്‍ സുഗമമാക്കുന്നു.
ഗോള്‍ഡന്‍ വിസ വര്‍ക്ക് പെര്‍മിറ്റ്: യു.എ.ഇ ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ ജോലി തേടുന്ന ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് ഈ പെര്‍മിറ്റ് ആവശ്യമാണ്.
ദേശീയ ട്രെയിനി പെര്‍മിറ്റ്: അംഗീകൃത ശാസ്ത്രീയ യോഗ്യതകളുള്ള പൗരന്മാരെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്ന MOHRE-Â രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് ട്രെയിനി ദേശീയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നു.
ഫ്രീലാന്‍സ് പെര്‍മിറ്റ്: ഒരു പ്രത്യേക തൊഴിലുടമയുമായി ബന്ധിപ്പിക്കുകയോ തൊഴില്‍ കരാര്‍ ഉണ്ടാക്കുകയോ ചെയ്യാതെ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ സേവനങ്ങള്‍ നല്‍കുകയോ ജോലികള്‍ നിര്‍വഹിക്കുകയോ ചെയ്യുന്ന സ്വയം സ്‌പോണ്‍സര്‍ ചെയ്യുന്ന വിദേശികള്‍ക്ക് യു.എ.ഇയിലെ ഫ്രീലാന്‍സ് പെര്‍മിറ്റ് നല്‍കുന്നു.
പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്: യു.എ.ഇയില്‍ നിയമപരമായി സ്വകാര്യ ട്യൂഷന്‍ നല്‍കാന്‍ യോഗ്യതയുള്ള പ്രൊഫഷണലുകളെ അനുവദിക്കുന്നു. അപേക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തെ പെര്‍മിറ്റ് സൗജന്യമായി നല്‍കുന്നു.
ഈ വൈവിധ്യമാര്‍ന്ന പെര്‍മിറ്റുകള്‍ കമ്പനികള്‍ക്ക് പ്രത്യേക കഴിവുള്ളവരെ കൊണ്ടുവരാനോ ആവശ്യത്തിനനുസരിച്ച് അവരുടെ തൊഴില്‍ ശക്തി ക്രമീകരിക്കാനോ എളുപ്പമാക്കുന്നു. ഒരു ആഗോള ബിസിനസ് കേന്ദ്രമെന്ന നിലയിലുള്ള പദവിയെ കൂടുതല്‍ ശക്തമാക്കുകയാണ് ഇത്തരം പെര്‍മിറ്റുകളിലൂടെ യു.എ.ഇ ചെയ്യുന്നത്.
Related News