ജിദ്ദ- റമദാനില്‍ രാജ്യത്തെ സാമൂഹിക സുരക്ഷാ ഗുണഭോക്താക്കള്‍ക്ക് സഹായമായി 300 കോടി റിയാലിലധികം വിതരണം ചെയ്യാന്‍ സൗദി സര്‍ക്കാര്‍ അനുമതി നല്‍കി. റമദാന്‍ മാസത്തില്‍ ഗുണഭോക്താക്കളായ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമുളള ദൗത്യത്തിന്റെ ഭാഗമായാണിത്. തിരു ഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍സല്‍മാന്‍ രാജകുമാരന്റേയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പദ്ധതിയില്‍ അര്‍ഹരായ ഓരോ കുടുംബാംഗത്തിനും 1,000 റിയാലും ഓരോ ആശ്രിതര്‍ക്കും 500 റിയാലും വിതരണം ചെയ്യും. ഇന്ന് റമദാന്‍ 18 ചൊവ്വാഴ്ച ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നിക്ഷേപിക്കും.
അര്‍ഹരായ വിഭാഗങ്ങളെ പരിപാലിക്കുന്നതില്‍ ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തിന്റെ തുടര്‍ച്ചയാണിത്. സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനു വിശുദ്ധ മാസത്തില്‍ സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കുന്നത്.
പൗരന്മാരെ പിന്തുണക്കുന്നതിനും അവര്‍ക്ക് മാന്യമായ ജീവിതം നല്‍കുന്നതിനുമുള്ള സര്‍ക്കാര്‍ സമീപനം ഉദാത്തമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍-രാജ്ഹി പറഞ്ഞു. ഈ തീരുമാനമെടുത്ത രാജാവിനും കിരീടാവകാശിക്കും അദ്ദേഹം നന്ദി അറിയിച്ചു.
Related News