ജിദ്ദ: ലഹരി ഉപയോഗംകൊണ്ട് ഒരാള്‍ക്ക് ലഭിക്കുന്നത് കേവലം നൈമിഷിക സുഖം മാത്രമാണെന്നും അത് കെട്ടടങ്ങുന്നതോടെ കൂടുതല്‍ പ്രയാസത്തിലായിരിക്കുമെന്നും പ്രമുഖ വാഗ്മിയും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമായ മുസ്തഫ തന്‍വീര്‍ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'അല്ലാഹുവിന്റെ സ്‌നേഹം തിരിച്ചറിയുക' എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
1990കളില്‍ പശ്ചാത്യ നാടുകളില്‍ യുവാക്കള്‍ക്കിടയില്‍ നടമാടിയിരുന്ന ഡിജെ പാര്‍ട്ടികള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ എംഡിഎംഎ പോലുള്ള മയക്കുമരുന്നുകള്‍ പ്രചാരത്തിലാവുകയും അങ്ങനെ അതില്‍ മതിമറന്ന അവസ്ഥക്ക് അന്നത്തെ യുവത വിളിച്ചിരുന്ന പേരായിരുന്നു 'വൈബ്' എന്നത്. എന്നാലിത് ഇന്ന് നമ്മുടെ നാട്ടിലും വ്യാപകമാവുകയാണ്. ഇത്തരം നൈമിഷിക സുഖങ്ങളൊക്കെ ഒഴിവാക്കിക്കൊണ്ട് യഥാര്‍ത്ഥ സുഖം ലഭിക്കുന്നത് ആത്മാവിന്റെ സന്തോഷത്തിലാണെന്ന് നാം മനസ്സിലാക്കണം. നമ്മുടെ സൃഷ്ടാവുമായി അടുക്കുമ്പോഴാണ് ആത്മാവിന് ആ യഥാര്‍ത്ഥ സന്തോഷം ലഭിക്കുന്നത്. അങ്ങനെ ദൈവത്തിലേക്ക് അടുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഒരനുഗ്രഹമാണ് റമദാന്‍ മാസത്തില്‍ നിര്‍ബന്ധമാക്കപ്പെട്ട നോമ്പ്. പലപ്പോഴും പാപങ്ങളില്‍ വീണുപോയ നമുക്ക് തിരിച്ചുകയറാന്‍ സൃഷ്ടാവ് സ്‌നേഹത്തോടെ ഇട്ടുതരുന്ന കയറാണ് റമദാന്‍.
'റമദാനില്‍ നമ്മുടെ ശരീരം ചുരുങ്ങും. ആത്മാവ് വലുതാകും. ആത്മാവിന് വേണ്ട ഭക്ഷണം ഇഷ്ടംപോലെ ലഭിക്കും. അതാണ് നമുക്ക് നോമ്പ് ഒരു പ്രശ്‌നമാകാത്തത്' എന്ന ഇമാം ഇബ്‌നു ഖയ്യിമിന്റെ വാക്കുകളും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാപങ്ങളില്‍ പെട്ടുപോയ നമുക്ക് തിരിച്ചുകയറാന്‍ സൃഷ്ടാവ് തന്ന ഈ അവസരത്തിനോട് മുഖം തിരിക്കാതിരിക്കാനുള്ള വിവേകമാണ് നാം കാണിക്കേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തി. ഷിഹാബ് സലഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
Related News