ജിദ്ദ - വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തുടരുന്ന വ്യത്യസ്ത തീവ്രതയിലുള്ള മഴ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളെയും ബാധിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 60 കി.മീ വേഗത്തിലുള്ള പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് തീരപ്രദേശങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും കാരണമാകും. കൂടാതെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത ആലിപ്പഴ വീഴ്ചയുണ്ടാകുമെന്നും പ്രവചനമുണ്ട്.
മക്കയിലെ തീരപ്രദേശങ്ങളും ഉയര്‍ന്ന പ്രദേശങ്ങളും ഉള്‍പ്പെടെ മദീന മേഖലയിലേത് പോലെ മിതമായതോ ശക്തമായതോ ആയ മഴക്ക് സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്രം വിശദീകരിച്ചു. കിഴക്കന്‍ പ്രവിശ്യ, ഖസീം, റിയാദിന്റെ മിക്ക ഭാഗങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പെയ്യുന്നതിനാല്‍ മധ്യ, കിഴക്കന്‍ മേഖലകളെയും സ്ഥിതി ബാധിക്കുമെന്ന് കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
അല്‍-ബഹ, അസിര്‍, നജ്റാന്‍, ജിസാന്‍ എന്നീ പ്രദേശങ്ങളെയും സാമാന്യം ശക്തമായ മഴ ബാധിക്കുമെന്നും ചില സ്ഥലങ്ങളില്‍ ആലിപ്പഴത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കേന്ദ്രം സൂചിപ്പിച്ചു. എല്ലാവരും ജാഗ്രത പാലിക്കാനും വെള്ളപ്പൊക്ക സ്ഥലങ്ങളില്‍ നിന്നും താഴ്വരകളില്‍നിന്നും അകന്നു നില്‍ക്കാനും ആഹ്വാനം ചെയ്തു. മഴക്കെടുതിയും ബാധിത പ്രദേശങ്ങളും സംബന്ധിച്ച സംഭവ വികാസങ്ങളെക്കുറിച്ച് അറിയാന്‍ ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കാന്‍ കേന്ദ്രം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
Related News