മദീന: മദീനയിലെ ഹറമില്‍ റമദാന്‍ അവസാന പത്തില്‍ ഇഅ്തികാഫിനായി (ഭജനയിരിക്കല്‍) രജിസ്റ്റര്‍ ചെയ്ത് എത്തിയത് 120 രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളും പുരുഷന്‍മാരുടക്കം 4,000 തീര്‍ഥാടകര്‍. ഗ്രാന്‍ഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ ജനറല്‍ അതോറിറ്റി ഇവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ തീര്‍ഥാടകനും നിശ്ചത സ്ഥലം നേരത്തെ തന്നെ അടയാളപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഓരോരുത്തരുടെയും ഇരിപ്പിടങ്ങളിലേക്ക് അവരെ നയിക്കുന്നതിന് ഗൈഡുകളും ഉണ്ട്.
പുരുഷന്മാര്‍ക്ക് ഹറമിന്റെ പടിഞ്ഞാറന്‍ മേല്‍ക്കൂരയുടെ ഭാഗമാണ് നല്‍കിയിട്ടുള്ളത്. ഇവിടത്തേക്ക് 6, 10 പടികളിലൂടെയാണ് പ്രവേശനം. സ്ത്രീകള്‍ക്ക് വടക്കുകിഴക്കന്‍ ഭാഗത്താണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവര്‍ 24, 25 നമ്പര്‍ വാതിലുകളിലൂടെയാണ് പ്രവേശിക്കേണ്ടത്.
ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്കായി പ്രത്യേക സഹായ കേന്ദ്രം ലഭ്യമാണ്. സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് സുരക്ഷിത ലോക്കറുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, പ്രഥമശുശ്രൂഷ, ബഹുഭാഷാ വിവര്‍ത്തന പിന്തുണ, മതപാഠങ്ങള്‍, ഇഫ്താര്‍, അത്താഴം, സഹൂര്‍ എന്നിവയെല്ലാം ഇവര്‍ക്കു ലഭ്യമാണ്. കൂടാതെ, മൊബൈല്‍ ചാര്‍ജിംഗ് സൗകര്യവും ലഭ്യമാണ്. ഓരോ തീര്‍ഥാടകനും എളുപ്പത്തില്‍ സഞ്ചരിക്കാനും നിയുക്ത സ്ഥലങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും വ്യക്തിഗത പരിചരണവുമൊരുക്കിയിട്ടുണ്ട്. ഇഅ്തികാഫുകാരെ എളുപ്പം തിരിച്ചറിയുന്നതിന് പ്രത്യേക കിറ്റും ഒരു റിസ്റ്റ്ബാന്‍ഡും നല്‍കിയിട്ടുണ്ട്.
റമദാന്‍ അവസാന പത്തിലേക്കു കടന്നതോടെ ഇരു ഹറമുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മക്ക ഹറമിലും ഇഅ്തികാഫിന് സൗകര്യമൊരുക്കിയിട്ടുണ്ട്. അവിടെയും ഇത്തരം സേവനങ്ങള്‍ ലഭ്യമാണ്.
Related News