ഗാസസിറ്റി: തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു. അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. 2006ല്‍ ഫലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021ല്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായി. ഗാസയിലെ പ്രാദേശിക പൊളിറ്റിക്കല്‍ ബ്യൂറോയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം ഹമാസ് സൈനിക ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഉസാമ തബാശും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ ഗാസയില്‍ കനത്ത ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. ചൊവ്വാഴ്ച മുതല്‍ തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 634 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1,172 പേര്‍ക്ക് പരിക്കേറ്റു.
Related News