ജിദ്ദ: ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വന്‍ ജനപങ്കാളിത്തം കൊണ്ടും സാമൂഹിക സാംസ്‌കാരിക വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. ഖാലിദ് ബിന്‍ വലീദ് റോഡിലുള്ള എലഗന്റ് പാര്‍ക്കില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കുടുംബിനികളുള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.
ഒഐസിസി റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കലിന്റെ അധ്യക്ഷതയില്‍ നടന്ന ഇഫ്താര്‍ സംഗമം മുഖ്യാതിഥിയായ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കലുഷിതമായ വര്‍ത്തമാന കാലത്ത് അതിര്‍വരമ്പുകളില്ലാതെ ആയിരങ്ങള്‍ സ്‌നേഹവും സൗഹാര്‍ദ്ദവും പങ്കിടുന്ന ഇഫ്താര്‍ സംഗമങ്ങളും കൂടിച്ചേരലുകളും ഏറെ ശ്ലാഘനീയവും അഭിനന്ദനാര്‍ഹവുമാണ്. പ്രവാസലോകത്തും യുഡിഎഫ് സംവിധാനം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
കെഎംസിസി ഗ്ലോബല്‍ പ്രസിഡന്റും തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാനുമായ കെപി മുഹമ്മദ് കുട്ടി, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈ. പ്രസിഡണ്ട് ഡോ. അഹമ്മദ് ആലുങ്ങല്‍, ഒഐസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാമുദ്ധീന്‍, ലുലു ഗ്രൂപ്പ് റീജ്യണല്‍ മാനേജര്‍ സമീര്‍ ചാത്തോളി, കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ സംസാരിച്ചു. ഒഐസിസി റീജ്യണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആസാദ് പോരൂര്‍ സ്വാഗതവും ട്രഷറര്‍ ഷരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒഐസിസി റീജ്യണല്‍ കമ്മിറ്റി ഭാരവാഹികള്‍, നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ ജില്ലാ/ഏരിയ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
Related News