ദുബായ്- യു.എ.ഇയില്‍ വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞും ജോലി ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി. ഇതുസംബന്ധിച്ച മുന്നറിയിപ്പ് അധികൃതരില്‍നിന്ന് ലഭിച്ചതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. തിരച്ചിലും നടപടിയും ശക്തമാക്കിയതോടെ രാജ്യത്ത് അധികമായി താമസിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായും അവര്‍ പറഞ്ഞു.
'ഒന്നിലധികം കമ്പനികളില്‍ ഈയിടെ പരിശോധന നടന്നതായി സ്മാര്‍ട്ട് ട്രാവല്‍സ് ജനറല്‍ മാനേജര്‍ സഫീര്‍ മുഹമ്മദ് പറഞ്ഞു. 'കുറച്ച് മാസങ്ങളായി പരിശോധനാ സംഘങ്ങള്‍ ഞങ്ങളുടെ ഓഫീസ് ടവര്‍ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശന വിസയില്‍ ജോലി ചെയ്യുന്നത് എല്ലായ്‌പ്പോഴും നിയമവിരുദ്ധമാണ്, എന്നാല്‍ എല്ലാവരും നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് അധികൃതരുടെ ശ്രമം.'
രാജ്യത്തെ ഏറ്റവും ഉദാരമായ പൊതുമാപ്പ് പദ്ധതി അവസാനിച്ചതോടെയാണ് റെയ്ഡുകള്‍ കര്‍ക്കശമാക്കിയത്. പൊതുമാപ്പ് പ്രകാരം സന്ദര്‍ശക വിസയില്‍ താമസിച്ച് ജോലി ചെയ്യുന്നവര്‍ക്ക് പദവി നിയമവിധേയമാക്കാനോ പിഴയടക്കാതെ രാജ്യം വിടാനോ അവസരമുണ്ടായിരുന്നു.
2024 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ട ഈ പരിപാടി ആയിരക്കണക്കിന് ആളുകളെ വിസ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചു. വിസ പൊതുമാപ്പ് അവസാനിച്ചതിനെത്തുടര്‍ന്ന്, ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ 6,000 നിയമലംഘകരെ പിടികൂടിയതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നവരുടെ എണ്ണത്തില്‍ 10 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായി സഫീര്‍ പറഞ്ഞു.
Related News