ജിദ്ദ: സൗദി മുറൂര്‍ (ട്രാഫിക്) പോലീസിന്റെ നന്മ നിറഞ്ഞ മനസിനെ പ്രകീര്‍ത്തിച്ച് ജിദ്ദയിലെ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ബഷീര്‍ വള്ളിക്കുന്ന്, സലാഹ് കാരാടന്‍ തുടങ്ങി നിരവധിപേരാണ് ജബ്ബാറിന്റെ കുറിപ്പ് ഷെയര്‍ ചെയ്തത്. ഡ്രൈവിങ്ങിനിടെ ഉറക്കം വന്നതും തുടര്‍ന്നുണ്ടായ അനുഭവങ്ങളുമാണ് ജബ്ബാര്‍ തന്റെ കുറിപ്പില്‍ വിശദീകരിക്കുന്നത്. സൗദില്‍ പ്രവാസികളെ പിടിച്ചു നിര്‍ത്തുന്നതും നിര്‍ത്തിപ്പോയവര്‍ വീണ്ടും വരാന്‍ ആഗ്രഹിക്കുന്നതും എന്തുകൊണ്ടാണെന്ന അടിക്കുറിപ്പോടെയാണ് സലാഹ് കാരാടന്‍ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.
അബ്ദുല്‍ ജബ്ബാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം.
കഴിഞ്ഞ ശനിയാഴ്ച സമയം പുലര്‍ച്ചെ മൂന്നു മണി. ഒരു ദിവസത്തെ മുഴുവന്‍ ജോലി ഭാരവും തീര്‍ത്തു മക്കയില്‍ നിന്നും ജിദ്ദയിലേക്കുള്ള മടക്കത്തിലാണ്. രാവിലെ പതിനൊന്നു മണിക്കിറങ്ങിയതാണ്. പൊതുവെ റംസാന്‍ കാലം സീസണ്‍ ആയതുകൊണ്ട് ജോലിയില്‍ സമയം നോക്കാറില്ല. സാധാരണ രാത്രി പതിനൊന്നു മണിക്ക് ശേഷം ഡ്രൈവ് ചെയ്യാറില്ല. പക്ഷെ നോമ്പ് കാലത്തു രാത്രി സൗദിയില്‍ ലൈവ് ആണല്ലോ.
കുദായ് പാര്‍ക്കിങ്ങില്‍ നിന്നും ഉന്മേഷത്തോടെ വണ്ടിയെടുത്തു എക്‌സ്പ്രസ്സി ഹൈവേയില്‍ കയറി ശുമൈസി ചെക് പോയിന്റ് കഴിഞ്ഞു കാണും. വാഹനം ഒരു നിമിഷത്തേക്ക് ഒന്ന് ട്രാക്ക് മാറി. സ്പീഡ് ട്രാക്ക് ഒഴിവാക്കി ലാസ്റ്റ് ട്രാക്കില്‍ കൂടിയായി യാത്ര. ഉറക്കം വരുന്നുണ്ടോ.. ഇല്ല എന്ന് മനസ്സ് പറയുന്നു. പക്ഷെ വണ്ടി വീണ്ടും ട്രാക്ക് മാറുന്നു. രണ്ടോ മൂന്നോ മിനിട്ട് കഴിഞ്ഞു കാണും ബാക്കില്‍ നിന്നും സൈറണ്‍ മുഴക്കി ഒരു ട്രാഫിക് പോലീസ് വണ്ടി! അന്നൗണ്‍സ് ചെയ്തു വണ്ടി സൈഡിലേക്കു മാറ്റാന്‍ പറയുന്നു. ഇതെവിടുന്നു വന്നു എന്നു മനസ്സില്‍ പറഞ്ഞു വണ്ടി ഹസാര്‍ഡ് ലൈറ്റ് ഇട്ടു സൈഡാക്കി. വണ്ടിയില്‍ നിന്നും പോലീസുകാരന്‍ ഇറങ്ങി വന്നു സലാം പറഞ്ഞു കൈ തന്നു, ഒറ്റ ചോദ്യം.. 'സദീക് ഇന്‍ത നൗമ്? (ഉറക്കം വരുന്നോ?)
ഇല്ലെന്നും ഉണ്ടെന്നും പറയാന്‍ പറ്റാത്ത അവസ്ഥ. എന്റെ മൗനം കണ്ടിട്ടാവാം എന്നോട് പറഞ്ഞു.. ഫോളോ മി....
വന്ന ഉറക്കവും ക്ഷീണവും ഒക്കെ പമ്പ കടന്നു.. പോലീസ് വണ്ടി മുന്നിലും ഞാന്‍ ബാക്കിലും. ഒടുവില്‍ ബഹറാ കുബ്രിക് അടുത്തുള്ള പള്ളിയുടെ വിശാലമായ പാര്‍ക്കിംഗ് ഏരിയയുടെ ഒരു മൂലയ്ക്ക് എത്തിയപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു..
യാ അല്ലാഹ്...നൗമ്... അന മക്... (ഉറങ്ങിക്കോളൂ.. ഞാന്‍ കൂടെയുണ്ട് ). എന്റെ കാറിന്റെ പിന്നില്‍ പോലീസുകാരന്‍ വണ്ടി പാര്‍ക്കു ചെയ്തു.. മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് സീറ്റ് നിവര്‍ത്തി കണ്ണുകള്‍ അടച്ചു..... എപ്പോഴോ മെല്ല ഉറക്കത്തിലേക്കു വീണു....
ഡോറില്‍ മുട്ട് കേട്ടാണ് ഉണര്‍ന്നത്. അതേ പോലീസുകാരന്‍ കയ്യില്‍ ചെറിയ കവര്‍ പിടിച്ചു നില്‍ക്കുന്നു. ജൂസും വെള്ളവും ചെറിയ സ്‌നാക്‌സും അടങ്ങിയ കവര്‍ കയ്യില്‍ തന്നു ചോദിച്ചു.... സദീക്.. നൗമ് മസ്ബൂത്ത്?? (ഉറക്കം ഉഷാറായോ)..അതെ എന്ന് പറഞ്ഞു കവര്‍ വാങ്ങി.. സമയം ഏകദേശം അഞ്ചു മണി ആയിരിക്കുന്നു. പോലീസ് കാരനോട് നന്ദി പറഞ്ഞു വണ്ടിയില്‍ ഇരുന്നു അന്നത്തെ ആ അത്താഴം കഴിച്ചു... അപ്പോഴേക്കും. സുബഹി ബാങ്ക് കൊടുക്കാന്‍ തുടങ്ങിയിരുന്നു...
ഞങള്‍ ഒന്നിച്ചു തൊട്ടടുത്ത പള്ളിയില്‍ കയറി..
നമസ്‌കാരം കഴിഞു ഉന്മേഷത്തോടെ ജിദ്ദയിലേക്ക്......
ചില കരുതലുകള്‍ നിനച്ചിരിക്കാതെ നമ്മെ തഴുകി വരും.... എന്നത്തേക്കും മനസ്സില്‍ സൂക്ഷിക്കാന്‍....
Related News