ജിദ്ദ: കെ.എം.സി.സിയുടെ ആരോഗ്യ സുരക്ഷാ പദ്ധതിയെ പുകഴ്ത്തി ഒ.ഐ.സി.സി നേതാവ്. കോണ്‍ഗ്രസുകാരനെങ്കിലും മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസി നടത്തുന്ന സുരക്ഷാ പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുള്ള തനിക്ക് പദ്ധതിയുടെ നടത്തിപ്പിലും കാര്യക്ഷമതയിലും ഏറെ ഇഷ്ടം തോന്നിയെന്ന് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഒരു മാസം മുമ്പ് തനിക്ക് ചെറിയ ഒരു സ്‌ട്രോക്ക് വന്നുവെന്നും ദൈവാനുഗ്രഹം കൊണ്ട് തക്ക സമയത്ത് അടിയന്തിര ചികിത്സ ലഭ്യമായതിനാല്‍ പൂര്‍ണമായും രോഗമുക്തി നേടാനായി വീട്ടില്‍ വിശ്രമിക്കുന്നതിനിടെ കെഎംസിസിയുടെ സുരക്ഷാ പദ്ധതിയില്‍ നിന്നും ചികിത്സ സഹായമായവുമായി മുസ്ലിം ലീഗ് നേതാക്കളെത്തിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഹുസൈന്‍ ചുള്ളിയോട് പറഞ്ഞു. സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ സാമ്പത്തിക പ്രതിസന്ധി ഒന്നുമില്ലാത്തതിനാല്‍ തനിക്കു ലഭിച്ച ചികിത്സാ സഹായം സി.എച്ച് സെന്ററിനു നല്‍കിയെന്നും അദ്ദേഹം കുറിപ്പില്‍ സൂചിപ്പിച്ചു.
ഹുസൈന്‍ ചുള്ളിയോടിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:
പ്രിയപ്പെട്ടവരെ,
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എക്കാലത്തെയും ഏറ്റവും വിശ്വസനീയവും സഹോദരതുല്യ പ്രസ്ഥാനവുമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രവാസി പോഷക സംഘടനയായ കെഎംസിസിയുടെ ജിദ്ദ മലപ്പുറം ജില്ല ഘടകത്തിന്റെ ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഞാനും അംഗത്വം എടുത്തിരുന്നു.
എന്റെ പ്രിയ സുഹൃത്തും കെഎംസിസി ജിദ്ദ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിയും കെഎംസിസി സുരക്ഷാ പദ്ധതി ജിദ്ദ മലപ്പുറം ജില്ലാ കണ്‍വീനറുമായ അബൂട്ടി പള്ളത്തിന്റെ സ്‌നേഹാഭ്യര്‍ത്ഥന പരിഗണിച്ചുകൊണ്ടാണ് ഞാന്‍ അതില്‍ അംഗത്വം എടത്തത്. എന്റെ പങ്കാളിത്തം കൊണ്ട് മറ്റൊരാള്‍ക്ക് ഉപകാരപ്രദമാവുന്നെങ്കില്‍ ആവട്ടെ എന്ന ഉദ്ദേശത്തിലായിരുന്നു അംഗത്വം എടുത്തത്.
ഒരു മാസം മുമ്പ് എനിക്ക് ചെറിയ ഒരു സ്‌ട്രോക്ക് വരികയുണ്ടായി. ദൈവാനുഗ്രഹം കൊണ്ട് തക്ക സമയത്ത് തന്നെ അടിയന്തിര ചികിത്സ ലഭ്യമാവുകയും ചെയ്തതിനാല്‍ മുഴുവനായും രോഗമുക്തി നേടുകയും ചെയ്തു. അല്‍ഹംദുലില്ലാഹ്. വീട്ടില്‍ വിശ്രമിക്കുന്നതിനിടയിലാണ് കെഎംസിസിയുടെ സുരക്ഷാ പദ്ധതിയില്‍ നിന്നും ചികിത്സ സഹായമായി കിട്ടിയ ഒരു തുകയും കൊണ്ട് മലപ്പുറം ജില്ല പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഇസ്മായില്‍ മൂത്തേടത്തിന്റെ നേതൃത്വത്തില്‍ കെഎംസിസിയുടെയും മുസ്ലിം ലീഗിന്റെയും നേതാക്കള്‍ വീട്ടിലെത്തുന്നത്.
സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ സാമ്പത്തിക പ്രതിസന്ധി ഒന്നുമില്ലാത്തതിനാല്‍ എനിക്ക് ലഭിച്ച ഈ ചികിത്സാ സഹായം സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഎച്ച് സെന്ററിന്റെ നിലമ്പൂര്‍ ഘടകത്തിന് ഞാന്‍ തിരിച്ചു നല്‍കാന്‍ തീരുമാനിക്കുകയും വാര്‍ഡ് മെമ്പര്‍ അബ്ദുറസാക്ക് മലയന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം ബഷീര്‍, മുസ്ലിം ലീഗ് നേതാക്കളായ തങ്ങള്‍ മാഷ്, നാണിപ്പ കെടി അബ്ദുറഹിമാന്‍, മുസ്ലിം ലീഗ് അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് കുണ്ടില്‍ മജീദ്, പൊട്ടിയില്‍ ചെറിയാപ്പു തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടത്തിന് പ്രസ്തുത ഫണ്ട് കൈമാറുകയും ചെയ്തു.
കെഎംസിസിയുടെ ഏറ്റവും മഹത്തായ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതിലും പ്രയാസഘട്ടത്തില്‍ എന്നെ ചേര്‍ത്ത് പിടിച്ചതിനും ഹൃദയാന്തരങ്ങളില്‍ നിന്ന് എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനും കെഎംസിസി പ്രസ്ഥാനത്തിനും ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പേരിലും സ്‌നേഹാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയോടു കൂടി.....
സ്‌നേഹപൂര്‍വ്വം,
ഹുസൈന്‍ ചുള്ളിയോട്, പ്രസിഡന്റ്, ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി, ജിദ്ദ.
Related News