റിയാദ്: ജീവകാരുണ്യ രംഗത്ത് റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ അതിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് അര്‍ബുദ ബാധിതരായ നിര്‍ധനരായ 200 പേര്‍ക്കായി 20 ലക്ഷം രൂപയുടെ ധന സഹായം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കരുനാഗപ്പള്ളി താലൂക്കില്‍പെട്ട 200 ക്യാന്‍സര്‍ രോഗികള്‍ക്കാണ് മൈത്രി കാരുണ്യ ഹസ്തം എന്ന പദ്ധതിയിലൂടെ 10000 രൂപ വീതം നല്‍കുന്നത്. ഏറ്റവും അര്‍ഹതപ്പെട്ട 200 പേരെ കണ്ടെത്തുവാന്‍ ഈ പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ടതുണ്ട്. അതിനുവേണ്ട അപേക്ഷ ഫോം ലഭ്യമാകുന്നത് 2025 ഏപ്രില്‍ 2 ബുധനാഴ്ച്ച രാവിലെ 10 മണിമുതല്‍ ഏപ്രില്‍ 7 വരെയാണ്.
കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തുള്ള വൈദ്യുതഭവന് ഏതിര്‍ വശത്ത് ഷാലിമാര്‍ വില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി ഓഫീസില്‍ നിന്നും അപേക്ഷ ഫോം ലഭ്യമാകുന്നതാണ്. രോഗിയുടെ പേരില്‍ വാങ്ങുന്ന അപേക്ഷയിന്മേല്‍ മാത്രമായിരിക്കും സാമ്പത്തിക സഹായം നല്‍കുന്നത്.
അപേക്ഷ ഫോം വാങ്ങാനെത്തുമ്പോള്‍ രോഗിയുടെ പേര് ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
രോഗിക്ക് നേരിട്ടോ, അഭ്യുദയകാംക്ഷി മുഖാന്തിരമോ അപേക്ഷ ഫോം വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോം 2025 ഏപ്രില്‍ 10 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മുന്‍പായി മൈത്രി ഓഫീസില്‍ തിരികെ ഏല്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7994343560 എന്ന നമ്പരില്‍ ബന്ധപ്പെടുക. ഏപ്രില്‍ മാസം അവസാന വാരം തന്നെ ഈ തുക ഏറ്റവും അര്‍ഹതപ്പെട്ടവരിലേക്ക് മൈത്രി കൈമാറുന്നതാണ്.
റിയാദിലുള്ള കരുനാഗപ്പള്ളി താലുക്ക് നിവാസികളുടെ കൂട്ടായ്മ 2005 ല്‍ ആണ് രൂപവത്കരിച്ചത്. മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ ഇതിനോടകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേര്‍ക്ക് ആശ്വാസം പകര്‍ന്നു കഴിഞ്ഞു. കരുനാഗപ്പള്ളി പ്രദേശക്കാരുടെ കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം ദേശ, ഭാഷ, മത വ്യത്യാസമില്ലാതെ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള ആളുകള്‍ക്ക് സഹായങ്ങള്‍ എത്തിക്കുവാന്‍ മൈത്രിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതിനോടകം മൈത്രിക്ക് രണ്ടര കോടിയോളം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി സഹായിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ഈ കൂട്ടായ്മ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തും സജീവമാണ്.
വാര്‍ത്താസമ്മേളനത്തില്‍ മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്‌മാന് മുനമ്പത്ത്, ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍, ജനറല്‍ കണ്‍വീനറും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ഷംനാദ് കരുനാഗപ്പള്ളി, ചെയര്‍മാന്‍ ബാലുക്കുട്ടന്‍, ജീവകാരുണ്യ കണ്‍വീനര്‍ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റുമാരായ നസീര്‍ ഖാന്‍, നസീര്‍ ഹനീഫ എന്നിവര്‍ പങ്കെടുത്തു.
Related News