റിയാദ്: മാനത്ത് ശവ്വാല്‍ അമ്പിളി തെളിഞ്ഞതോടെ റമദാന് പരിസമാപ്തി കുറിച്ച് ഒമാന്‍ ഒഴികെ ഗള്‍ഫിലെങ്ങും നാളെ പെരുന്നാളാണ്. ഞായറാഴ്ച ഈദുല്‍ ഫിത്ര്‍ ആഘോഷത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഗള്‍ഫിലെ സ്വദേശികളും വദേശികളുമെല്ലാം പെരുന്നാള്‍ ആഘോഷ ലഹരിയിലാണ്. നാളെ രാവിലെ നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് ഈദ് ഗാഹുകളും പള്ളികളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. പെരുന്നാളിന് വര്‍ണം ചാര്‍ത്താന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് എല്ലാവരും വീടിനു പുറത്തേക്കിറങ്ങിയതോടെ രാത്രി വൈകിയും വിപണികളിലും റോഡുകളിലുമെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഗള്‍ഫില്‍ ഒട്ടുമിക്കയിടങ്ങളിലും പെരുന്നാള്‍ അവധി രണ്ടു ദിവസം മുന്‍പെ ആരംഭിച്ചിരുന്നു. വീക്കിലി അവധികൂടി കൂട്ടി ഇനി ഏതാണ്ട് പത്തു ദിവസത്തോളം അവധിയായിരിക്കുമെന്നതിനാല്‍ പല കുടുംബങ്ങളും വിനോദ യാത്രകളിലാണ്. നാളെ പെരുന്നാള്‍ ആഘോഷം കഴിഞ്ഞാല്‍ സമീപ രാജ്യങ്ങളിലേക്കുള്‍പ്പടെ നിരവധി ടൂര്‍ പരിപാടികളാണ് പലരും ആവിഷ്‌കരിച്ചിരിക്കുന്നത്. അവധിയില്‍ നാട്ടിലെ കുടുംബങ്ങളോടൊത്ത് ചെലഴിക്കാന്‍ നാട്ടിലേക്കു വരുന്നവരും നിരവധിയാണ്. അതിനാല്‍ വിമാന കമ്പനികള്‍ വന്‍ നിരക്കാണ് ടിക്കറ്റുകള്‍ക്ക് ഈടാക്കുന്നത്.
ശനിയാഴ്ച വൈകീട്ട് സൗദി പ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ പ്രഖ്യാപനം ആദ്യം ഉണ്ടായതത്. തുടര്‍ന്ന് യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശനിയാഴ്ച റമദാന്‍ 29 പൂര്‍ത്തിയായതിനാല്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. അതേസമയം ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാന്‍ ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു വ്യസ്തമായി ഒരു ദിവസം പിന്നിട്ടായിരുന്നു റമദാന്‍ ആരംഭിച്ചത്. നാളെ ശവ്വാല്‍ മാസപിറവി കണ്ടാല്‍ തിങ്കളാഴ്ചയായിരിക്കും കേരളത്തില്‍ പെരുന്നാള്‍. നാളെ മാസപ്പിറവി കണ്ടില്ലായെങ്കില്‍ 30 നോമ്പ് പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും പെരുന്നാള്‍ ആഘോഷിക്കുക.
Related News