ദമാം. കഴിഞ്ഞ ദിവസം ദമാമില്‍ അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ തൃശൂര്‍ കൊടകര സ്വദേശി മുല്ലപ്പള്ളി അപ്പന്‍ മേനോന്റെ (52) മൃതദേഹം ഇന്ന് രാത്രി ദമാമില്‍ നിന്നും 12 മണിക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടു പോകും. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കോഴിക്കോട് എത്തുന്ന മൃതദേഹം ബന്ധുക്കള്‍ സ്വീകരിച്ച തൃശൂര്‍ കൊടകര മൂന്നുമുറി മുല്ലപ്പള്ളി വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷം വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
മുപ്പത് വര്‍ഷമായി ദമാമില്‍ പ്രവാസിയായ അപ്പന്‍ മേനോന്‍ തുടക്കത്തില്‍ ഒരു പ്രമുഖ കമ്പനിയില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് സ്വന്തമായി ബിസിനസ്സ് രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. ബിസിനസ്സ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നതിനും മറ്റു ബിസിനസ്സ് ചര്‍ച്ചകള്‍ക്കുമായി രണ്ടാഴ്ചയോളം ചൈനയില്‍ ഉണ്ടായിരുന്നു. ഈ യാത്രക്കിടയില്‍ ശാരീരികയായി ചില അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ദമാമില്‍ തിരിച്ചെത്തിയ ഉടനെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും വിദഗ്ധ ചികിത്സക്കായി വരും ദിവസം തന്നെ കേരളത്തിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. പെട്ടന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദമാമിലെ താമസ സ്ഥലത്തു ടെലിവിഷന്‍ കണ്ടു കൊണ്ടൊരിക്കെ കുഴഞ്ഞു വീണത്. ഏറ്റവും അടുത്തുള്ള പ്രമുഖ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും മരണത്തിനു കീഴ്പെടുകയായിരുന്നു.
നേരത്തെ ഇദ്ദേഹത്തിന്റെ കൂയുണ്ടായിരുന്ന കുടുംബം മക്കളുടെ ഉപരിപഠനാര്‍ത്ഥം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന വിജയശ്രീയാണ് ഭാര്യ. മക്കള്‍ കൃഷ്ണനുണ്ണി, മാധവനുണ്ണി, കേശവനുണ്ണി. സന്ദര്‍ശന വിസയില്‍ ദമാമിലുള്ള മൂത്തമകന്‍ കൃഷ്ണനുണ്ണി മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. പെരുന്നാള്‍ അവധി തുടങ്ങിയ അടുത്ത ദിവസം തന്നെ ഉണ്ടായ ഇദ്ദേഹത്തിന്റെ വിയോഗം കുടുംബാംഗങ്ങള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും പെരുന്നാള്‍ പൊതുഅവധിയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാലതാമസത്തിലുള്ള ആശങ്കയും ചര്‍ച്ചയായിരുന്നു. അപ്പന്‍ മേനോനുമായി കൂടുതല്‍ അടുപ്പവും ചങ്ങാത്തവുമുള്ള വ്യവസായ പ്രമുഖരായ അഹമ്മദ് പുളിക്കല്‍ (വല്ല്യാപ്പുക്ക), രാജു കുര്യന്‍, ഡോ. സിദ്ധീഖ് അഹമ്മദ്, മഞ്ഞളാംകുഴി ബാപ്പു തുടങ്ങിവര്‍ നിരന്തരമായി സാധ്യമായ വഴികള്‍ ആരായുകയും ശ്രമങ്ങള്‍ തുടരുകയും ചെയ്തുകൊണ്ടിരുന്നു. ഇതോടൊപ്പം സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കവുമായും ഇവരെല്ലാം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ചെറിയ പെരുന്നാള്‍ ദിനമായ ഇന്ന് രാവിലെ തന്നെ (ഞായറാഴ്ച) നാസ് വാക്കത്തിന്റെ പരിശ്രമം ഫലം കാണുകയും ഒരുപക്ഷെ സൗദിയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കാം അപ്പന്‍ മേനോന്റെ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള അനുമതി പത്രം അവധി ദിനമായ ഇന്ന് തന്നെ നാസിന് നല്‍കുന്നതിന് സൗദി അധികൃതരുടെ കരുണ ഉണ്ടാവുകയുമുണ്ടായത്. അനുമതി പത്രം ലഭിച്ചതോടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ബാക്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും നിരവധി സൗഹൃദങ്ങള്‍ ഉള്ള അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാന്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറി പരിസരത്തു ഒരു പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തതെന്ന് നാസ് വക്കം അറിയിച്ചു.
Related News