കോട്ടയം: സൗദിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ മാഞ്ഞൂര്‍ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാത്രി പത്തരയോടെ കണ്ടാറ്റുപാടത്തെ വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഈ സമയം ഭര്‍ത്താവ് അഖില്‍ വീട്ടിലുണ്ടായിരുന്നില്ല. നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം. ദമ്പതികള്‍ക്ക് അനേയ, അന്ന എന്നീ രണ്ടു കുട്ടികളുണ്ട്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അമിത ഒരു വര്‍ഷം മുന്‍പാണു നാട്ടിലെത്തിയത്.
കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എല്‍സമ്മയെ ഫോണില്‍ വിളിച്ച്, താന്‍ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പോലീസ് പറഞ്ഞു. തുടര്‍ന്ന് എല്‍സമ്മ അഖിലിനെ ഫോണില്‍ വിളിച്ചു. അഖില്‍ വീട്ടിലെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സാമ്പത്തികവുമായി ബന്ധപ്പെട്ട കുടുംബ വഴക്കാണ് അമിതയുടെ ആത്മഹത്യക്കു കാരണമെന്ന് സംശയിക്കുന്നു. വിവാഹസമയത്ത് 15 പവനും 2 ലക്ഷം രൂപയും നല്‍കിയിരുന്നു. ഇപ്പോള്‍ ഒരു തരി സ്വര്‍ണം പോലും മകളുടെ പക്കലില്ലെന്ന് മാതാപിതാക്കളായ സണ്ണിയും എല്‍സമ്മയും പറഞ്ഞു. ഏപ്രില്‍ പകുതിയോടെ പ്രസവത്തീയതി നിശ്ചയിച്ചു കാത്തിരിക്കുമ്പോഴാണ് അമിതയുടെ മരണം. ഞായറാഴ്ച രാവിലെ മുതല്‍ അഖിലും അമിതയും വഴക്കുണ്ടാക്കിയിരുന്നെന്നും രാത്രി അഖില്‍ പുറത്തുപോയതിനു പിന്നാലെയാണു മകള്‍ ജീവനൊടുക്കിയതെന്നും മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു. ഇവരുടെ പരാതിയില്‍ പോലീസ് മുദ്രവച്ച് കേസെടുത്ത് അന്വേഷിച്ചു വരുന്നു.
Related News