ന്യൂഡല്‍ഹി: അനധികൃത നിര്‍മാണം എന്നതിന്റെ പേരില്‍ വീടുകള്‍ ഇടുച്ചു നിരത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനും പ്രയാഗ്രാജ് വികസന അതോറിറ്റിക്കും സുപ്രീം കോടതിയുടെ വിമര്‍ശനം. വീടുകള്‍ പൊളിച്ചുമാറ്റിയ നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. പൊളിച്ചുമാറ്റിയ ഓരോ വീടിന്റെയും ഉടമകള്‍ക്ക് ആറു മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. രാജ്യത്ത് നിയമവാഴ്ച ഉണ്ട്. പൗരന്മാരുടെ പാര്‍പ്പിടങ്ങള്‍ ഈ രീതിയില്‍ പൊളിക്കാന്‍ കഴിയില്ല. പാര്‍പ്പിടത്തിനായുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും നിയമാനുസൃത നടപടിക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും കോടതി പറഞ്ഞു.
അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫസര്‍ അലി അഹമ്മദ് തുടങ്ങിയവരുടെ വീടുകളാണ് പൊളിച്ചുമാറ്റിയത്. ഇവര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള പ്രയാഗ്രാജിലെ പൊളിച്ചുമാറ്റലിനെ കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു.
Related News