ന്യൂഡല്‍ഹി: ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി സഖ്യം തീരുമാനിച്ചു. ചൊവ്വാഴ്ച, പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണി യോഗത്തിലാണ് ബില്ലിനെ ഒരേശബ്ദത്തില്‍ എതിര്‍ക്കാന്‍ തീരുമാനമായത്. ബില്ലിന്മേല്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി നേതാക്കള്‍ യോഗം ചേര്‍ന്നത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം തുടങ്ങിയതുമുതല്‍ ഭിന്നിച്ചുനിന്നിരുന്ന ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷികളെയെല്ലാം വഖഫ് ബില്‍ വീണ്ടും ഒന്നിപ്പിക്കുന്നതാണ് ഖാര്‍ഗെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കണ്ടത്.
പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വഖഫ് ബില്ലില്‍ വിശദമായ ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി, രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുസ്ലിം ലീഗിന്റെ എംപി ഇ.ടി. മുഹമ്മദ് ബഷീര്‍, ജാവേദ് അലി ഖാന്‍, പി.വി അബ്ദുല്‍ വഹാബ്, സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ്, സിപിഐ എംപി സന്തോഷ് കുമാര്‍, ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി, സമാജ്വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്, എന്‍സിപി (ശരദ് ചന്ദ്ര പവാര്‍) നേതാവ് സുപ്രിയ സുലെ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ കല്യാണ്‍ ബാനര്‍ജി, ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജയ് സിങ്, ഡിഎംകെ നേതാവ് ടി.ആര്‍. ബാലു, തിരുച്ചി ശിവ, കനിമൊഴി, ശിവസേന (ഉദ്ധവ് താക്കറെ) എംപി പ്രിയങ്ക ചതുര്‍വേദി, ആര്‍ജെഡി നേതാവ് മനോജ് കുമാര്‍ ഝാ, എംഡിഎംകെ നേതാവ് വൈക്കോ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ചര്‍ച്ചയില്‍ പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിര്‍ക്കുമെന്ന് ജോണ്‍ ബ്രിട്ടാസും വ്യക്തമാക്കി.
Related News