ജിദ്ദ: റമദാനില്‍ 'വിജയമാണ് റമദാന്‍' എന്ന ശീര്‍ഷകത്തില്‍ തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസ് ജേതാക്കളെ പ്രഖ്യാപിച്ചു. ഫിദാ സലിം (യാമ്പു), ടി.കെ രഹ്ന (ജിദ്ദ), മാജിദ അനീസ് (ജിദ്ദ) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിശുദ്ധ ഖുര്‍ആനിലെ 'സൂറത്തുന്നൂര്‍' ആസ്പദമാക്കിയാണ് രണ്ട് ഘട്ടങ്ങളിലായി വിജ്ഞാന മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിനു മുന്നോടിയായി ഖുര്‍ആന്‍ പാഠ ഭാഗങ്ങളും ഓഡിയോ, വീഡിയോ ക്ലാസുകളും നല്‍കിയിരുന്നു. ഓണ്‍ ലൈന്‍ ആയി നടന്ന പ്രാഥമിക മത്സരത്തില്‍ ജിദ്ദ, യാമ്പു, തബൂക്ക്, മക്ക, മദീന, അസീര്‍, ജിസാന്‍, അബഹ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ധാരാളം പേര്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത മുപ്പതോളം പേരില്‍നിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തിയത്. മത്സരത്തില്‍ അബ്ദു സുബ്ഹാന്‍ അബ്ബാസ് അവതാരകനായിരുന്നു. ഉമര്‍ ഫാറൂഖ് സ്വാഗതം പറഞ്ഞു.
പ്രൊവിന്‍സ് പ്രസിഡണ്ട് ഫസല്‍ മൂഹമ്മദ് സമാപന പ്രസംഗം നിര്‍വഹിച്ചു. ഖുര്‍ആന്‍ അവതരിച്ച വിശുദ്ധ മാസത്തില്‍ ഒരു അധ്യായം പൂര്‍ണമായി പഠിക്കാനും ജീവിതത്തില്‍ അവ പകര്‍ത്താനുമുള്ള നല്ല അവസരമായിട്ടാണ് ഖുര്‍ആന്‍ പ്രശ്‌നോത്തരി തനിമ പ്രത്യേകമായി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അമാന്‍ ഖിറാഅത്ത് നടത്തി. സനോജ് അലി, അജ്മല്‍ അബ്ദുല്‍ ഗഫൂര്‍, കെ.കെ നിസാര്‍ എന്നിവര്‍ മത്സര പരിപാടിക്ക് നേതൃത്വം നല്‍കി.
Related News