കോഴിക്കോട് : സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പുരോഗതി അറിയിക്കാന്‍ റിയാദ് റഹീം സഹായ സമിതി പ്രതിനിധികളും ഫറോക് അബ്ദുല്‍ റഹീം ലീഗല്‍ അസിസ്റ്റന്റ് കമ്മറ്റി ഭാരവാഹികളും മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. കേസിന്റെ തുടക്കം മുതല്‍ മാര്‍ച്ച് 18 ന് തിങ്കളാഴ്ച നടന്ന അവസാന കോടതി സിറ്റിംഗ് വരെയുള്ള വിവരങ്ങള്‍ സംഘം അബ്ദുറഹീം ലീഗല്‍ അസിസ്റ്റന്‍സ് ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരികൂടിയായ മന്ത്രിയോട് വിശദീകരിച്ചു.
അടുത്ത സിറ്റിങ്ങിന് കോടതി അനുവദിച്ച ഏപ്രില്‍ 14 നുള്ള കോടതിയുടെ കേസിലെ നിരീക്ഷണവും സ്റ്റാറ്റസും അറിയിക്കണമെന്നും അതിന് ശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രാലയം വഴി ഉന്നത തല ഇടപെടലിനായി ശ്രമിക്കാമെന്നും മന്ത്രി പറഞ്ഞു.
നാളിത് വരെയുള്ള കേസിന്റെ നടപടികള്‍ അബ്ദുറഹീമിന്റെ കേസില്‍ തുടക്കം മുതല്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന റിയാദിലെ ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ യുസഫ് കാക്കഞ്ചേരി വിശദമാക്കി. സര്‍വകക്ഷി സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന റഹീമിന്റെ മോചന ശ്രമങ്ങളെ വിവാദമാക്കാനുള്ള നീക്കങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അക്കാര്യം പരിശോധിക്കാമെന്നും ആവശ്യമെങ്കില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ഓരോ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന നിയമ സംവിധാനങ്ങളെ മാനിച്ചു കൊണ്ട് മാത്രമേ ആര്‍ക്കും ഇടപെടാന്‍ കഴിയുകയുള്ളൂവെന്ന് പൊതുസമൂഹത്തിനറിയാം. മറിച്ചുള്ള വിവാദങ്ങളെല്ലാം അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുവണ്ണൂര്‍ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി റിയാസും കമ്മിറ്റി ഭാരവാഹികളും അബ്ദ്‌റഹിമിന്റെ വീട്ടില്‍ എത്തി മാതാവിനെ കാണുകയും അവരെ ആശ്വസിപ്പിക്കുകയും കേസിന്റെ വിവരങ്ങള്‍ അവരെ ധരിപ്പിക്കുകയും ചെയ്തു. അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളായ സുരേഷ് കുമാര്‍, കെ കെ ആലിക്കുട്ടി മാസ്റ്റര്‍, മൊയ്തിന്‍ കോയ കല്ലമ്പാറ, മജീദ് അമ്പലംകണ്ടി, ശശി നാരങ്ങയില്‍, റിയാദ് നിമയ സഹായ സമിതി ഭാരവാഹികളായ ഷകീബ് കൊളക്കാടന്‍, നാസര്‍ കാരന്തുര്‍ തുടങ്ങിയവരും ടി രാധാഗോപിയും മുന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയും പങ്കെടുത്തു.
ഫോട്ടോ: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി അബ്ദുറഹീം നിയമ സഹായ സമിതി ഭാരവാഹികള്‍ കൂടികാഴ്ച്ച നടത്തിയപ്പോള്‍. 2: കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി വീട്ടിലെത്തി റഹീമിന്റെ ഉമ്മയുമായി സംസാരിക്കുന്നു..
Related News