ദോഹ : അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഗള്‍ഫ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം ആദ്യം തന്നെ ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്) എന്നിവ സന്ദര്‍ശിക്കാന്‍ പദ്ധതിയുള്ളതായി ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ബ്ലൂംബെര്‍ഗ് പങ്കിട്ട ഒരു വീഡിയോയില്‍, തന്റെ രണ്ടാം ടേമിലെ ആദ്യ ഗള്‍ഫ് സന്ദര്‍ശനം അടുത്ത മാസമോ ഒരുപക്ഷേ അല്‍പ്പം വൈകിയോ ഉണ്ടാകുമെന്ന ഓവല്‍ ഓഫീസില്‍ നിന്നുള്ള വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 'മിഡില്‍ ഈസ്റ്റുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്ന' പരാമര്‍ശത്തിനൊപ്പമാണ് സൗദി അറേബ്യയ്ക്ക് പുറമേ ഖത്തറും മറ്റ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്. ബ്ലൂംബര്‍ഗ് ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
സൗദി അറേബ്യ അമേരിക്കയില്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന വന്‍ നിക്ഷേപത്തിനുള്ള നന്ദി സൂചകമായി മെയ് പകുതിയോടെ അമേരിക്കന്‍ പ്രസിഡന്റ് സൗദി സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം, യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനം യുഎഇക്കും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ ലക്ഷം കോടി ഡോളറിന് മുകളില്‍ നിക്ഷേപമിറക്കാന്‍ കഴിഞ്ഞ മാസം അറബ് രാഷ്ട്രം പദ്ധതിയിട്ട സാഹചര്യത്തില്‍ കൂടിയാണ് ട്രംപിന്റെ വരവ്.
യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് താനൂന്‍ ബിന്‍ സായിദ് അല്‍ നഹ് യാനും യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപത്തിന് ധാരണയായിരുന്നത്. അടുത്ത പത്തു വര്‍ഷത്തില്‍ 1.4 ലക്ഷം കോടി യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനാണ് പദ്ധതി. നിര്‍മിത ബുദ്ധിയുടെ അടിസ്ഥാന സൗകര്യം, സെമികണ്ടക്ടര്‍, ഊര്‍ജം, ഉത്പാദനം എന്നീ മേഖലകളിലാണ് യുഎഇ നിക്ഷേപം നടത്തുക.
Related News