ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാസാക്കി ലോക്സഭ. 12 മണിക്കൂറോള നീണ്ട ചര്‍ച്ചക്ക് ശേഷമാണ് ബില്‍ വോട്ടിനിട്ടത്. വോട്ടെടുപ്പ് നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്‍.കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗൊഗോയ്, കെ.സി വേണുഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 288 പേര്‍ ബില്ലിനെ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്തു. എന്‍.ഡി.എ മുന്നണി ഘടക കക്ഷികളുടെയെല്ലാം പിന്തുണ ഉറപ്പാക്കുന്നതില്‍ ബി.ജെ.പി വിജയിച്ചു. ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും.
ന്യൂനപക്ഷവകുപ്പ് മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ട്രൈബ്യൂണലുകളിലുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ബില്ലിലൂടൈ പരിഹാരം കാണാനാവുമെന്ന് മന്ത്രി പറഞ്ഞു. ബില്‍ പാസാകുന്നതോടെ മുനമ്പത്തെ പ്രതിസന്ധി ഒഴിയുമെന്നും മന്ത്രി പറഞ്ഞു.
ജഗദാംബിക പാല്‍ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) തങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച വഖഫ് ബില്ലിന്റെ കരട് പുതിയ ബില്‍ ആക്കി അടിച്ചേല്‍പിച്ചത് നിയമവിരുദ്ധമാണെന് സഭാ ചട്ടങ്ങളും കീഴ്വവഴക്കങ്ങളും ഉദ്ധരിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ ക്രമപ്രശ്‌നത്തിലൂടെ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ പരുങ്ങലിലായി. എന്നാല്‍, കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കിട്ടിയ ഏത് ബില്ലും പാര്‍ലമെന്റില്‍ കൊണ്ടുവരാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന് പറഞ്ഞ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിനോട് ബില്‍ അവതരണവുമായി മുന്നോട്ടു പോകാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷാക്ക് പിന്നാലെ പ്രേമചന്ദ്രന്‍ ഉന്നയിച്ച ക്രമപ്രശ്‌നം തള്ളുകയാണെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് ബില്‍ അവതരണത്തിന് കളമൊരുങ്ങിയത്.
Related News