തബൂക്ക്: സൗദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ചുപേര്‍ മരിച്ചു. വയനാട് സ്വദേശികളായ അഖില്‍ അലക്‌സ്, ടീന എന്നിവരാണ് മരിച്ചത്. മറ്റു മൂന്നു പേര്‍ സ്വദേശി പൗരന്മാരാണ്. മലയാളികള്‍ സഞ്ചരിച്ച വാഹനവും എതിര്‍ദിശയില്‍നിന്നു വന്ന സ്വദേശികള്‍ സഞ്ചരിച്ച വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.
തബൂക്ക് അല്‍ഊല റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നിന്നും വിനോദ സഞ്ചാര കേന്ദ്രമായ അല്‍ ഉല സന്ദര്‍ശനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കത്തിക്കരിച്ച നിലയിലാണ്.
മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്‌സായ ടീന വിവാഹിതയാവാന്‍ അടുത്ത ദിവസം നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ലണ്ടനില്‍ നിന്നെത്തിയ പ്രതിശ്രുത വരനായ അഖില്‍ അലക്‌സിനൊപ്പം അല്‍ ഉല സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അല്‍ ഉല സന്ദര്‍ശിച്ചതിനു ശേഷം സൗദിയില്‍ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കുകയായിരുന്നു. അല്‍ ഉലയിലെ മുഹ്‌സിന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ മദീന ആശുപത്രിയിലേക്ക് മാറ്റി നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്.
Related News