ജിദ്ദ: നമ്മുടെ നാട്ടില്‍ വ്യാപകമായ ലഹരിവിപത്തിനെതിരെ പല സംഘടനകളും പ്രതികരിക്കുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന ആത്യന്തിക വിപത്തായ പരലോക നഷ്ടത്തെക്കുറിച്ചാണ് ഇസ്ലാഹി പ്രസ്ഥാനത്തിന് ഒന്നാമതായി പറയാനുള്ളതെന്ന് കെ എന്‍ എം സംസ്ഥാന ട്രഷററും കേരള ഹജ്ജ് കമ്മിറ്റി മെമ്പറുമായ നൂര്‍ മുഹമ്മദ് നൂര്‍ഷ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'ആദര്‍ശസംഗമവും ഇഫ്താര്‍ വിരുന്നും' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിന്റെ തനതായ ആദര്‍ശത്തില്‍ നിലകൊള്ളുന്നത്‌കൊണ്ടാണ് എത്രയൊക്കെ കുത്തുവാക്കുകള്‍ സഹിച്ചാലും ബുദ്ധിമുട്ടുകള്‍ നേരിട്ടാലും നമ്മള്‍ ഈ പ്രസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കുന്നത്. സംഘടന അതിന്റെ ആദര്‍ശത്തില്‍ വീഴ്ച വരുത്തിയാല്‍ അത് നമ്മളെയും വരും തലമുറയെയും ബാധിക്കും. അതിനാല്‍ ഈ പ്രസ്ഥാനം ആദര്‍ശത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് നാം എപ്പോഴും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.
ഖുന്‍ഫുദ ജാലിയാത്ത് മേധാവി ശൈഖ് ഹസ്സന്‍ അലി ഹര്‍ബി മുഖ്യാഥിതിയായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട പല സംഭവവികാസങ്ങളുമുണ്ടായത് റമദാനിലായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച കെ എന്‍ എം മുന്‍ സംസ്ഥാന സെക്രട്ടറി എം അബ്ദുറഹ്‌മാന്‍ സലഫി പറഞ്ഞു.
സദസ്സില്‍ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തിി. ശൈഖ് ഹസ്സന്‍ അലി ഹര്‍ബി, നൂര്‍ മുഹമ്മദ് നൂര്‍ഷ, എം അബ്ദുറഹ്‌മാന്‍ സലഫി എന്നിവരെ ചടങ്ങില്‍ ആദരിക്കുകയും ഇസ്ലാഹീ സെന്ററിന്റെ ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. റമദാനില്‍ സെന്ററില്‍ എല്ലാ ദിവസവും ഇഫ്താറിന് ശേഷം നടന്ന പഠനക്ലാസ്സിനോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മുഷ്ത്താഖ് അഹമ്മദ്, മുഹമ്മദ് അബ്ദുല്‍ ഹമീദ്, മിന്നാഹ്, സിതാര ജാസ്മിന്‍, റഹീല ഷറഫുദ്ധീന്‍, ഫാരിസ് ഫൈസല്‍, ബിന്‍ഷ എന്നിവര്‍ സമ്മാനാര്‍ഹരായി. അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവു ഷിഹാബ് സലഫി നന്ദിയും പറഞ്ഞു.
Related News