ജിദ്ദ: നിലവില്‍ തീര്‍ത്ഥാടന വിസയിലെത്തി രാജ്യത്ത് കഴിയുന്നവര്‍ അവിടെ നിന്ന് നിര്‍ബന്ധമായും തിരിച്ചു പോകേണ്ട അവസാന തിയതി സൗദി അറേബ്യ പ്രഖ്യാപിച്ചു. ഹജ്ജിന്റെ മുമ്പുള്ള മാസമായ ദുല്‍ഖഅദ ഒന്ന് - അതായത്, ഏപ്രില്‍ 29 ആണ് ഇതിനായി സൗദി ഹജ്ജ് - ഉംറ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. ഈ തീയതിക്ക് ശേഷം തീര്‍ത്ഥാടകര്‍ സൗദിയില്‍ തങ്ങുന്നത് നിയമ ലംഘനം ആയി കണക്കാക്കുമെന്നും അത്തരക്കാര്‍ നിയമ നടപടികള്‍ക്ക് വിധേയരായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച പിഴ ഒരു ലക്ഷം റിയാല്‍ വരെയാകുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീര്‍ഥാടകനെക്കുറിച്ച വിവരങ്ങള്‍ തീര്‍ഥാടകനെ കൊണ്ടുവന്ന ഹജ്ജ്, ഉംറ സേവന കമ്പനികള്‍ ബന്ധപ്പെട്ട വകുപ്പിന് അതാതു സമയം റിപ്പോര്‍ട്ട് ചെയ്യണം.
നിയമ ലംഘകര്‍ രാജ്യം വിടുന്നത് ദീര്‍ഘിക്കുന്നതിന് അനുസരിച്ചും നിയമം ലംഘിക്കുന്ന തീര്‍ഥാടകരുടെയും ഉംറ നിര്‍വ്വഹിക്കുന്നവരുടെയും എണ്ണം കൂടുന്നതിനനുസരിച്ച് പിഴ തുക വര്‍ദ്ധിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.
ജൂണ്‍ ആദ്യ പകുതിയില്‍ ഹിജ്റ വര്‍ഷം 1446 ലെ വിശുദ്ധ ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായാണ് നിലവിലുള്ള തീര്‍ത്ഥാടകരോട് രാജ്യത്ത് നിന്ന് മടങ്ങാന്‍ ആതിഥേയ രാജ്യമായ സൗദി അറേബ്യ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
അതേസമയം, ശവ്വാല്‍ 15-ാം തീയതിയായ ഏപ്രില്‍ 13 ആണ് നടപ്പ് വര്‍ഷം ഇഷ്യൂ ചെയ്ത ഉംറ വിസയില്‍ സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തിയ്യതിയെന്നും സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി, ഹജ്ജ് - ഉംറ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളും സ്ഥാപനങ്ങളും താമസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തീര്‍ത്ഥാടകരെ കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ ചുമത്തുമെന്നും സൗദി അധികൃതരുടെ അറിയിപ്പില്‍ ഉണ്ട്.
അധികൃതരില്‍ നിന്നുള്ള അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും പാലിക്കേണ്ടത് വളരെ പ്രധാനമാണെന്നും തടസ്സങ്ങളില്ലാതെ ഹജ്ജ് സീസണ്‍ സുഗമമായി നടത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും അറിയിപ്പില്‍ അഭ്യര്‍ഥിച്ചു. ഹജ് വേളയില്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ ഗതാഗതം സുഗമമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികള്‍.
Related News