ദോഹ : ഈ മാസം 12-ന് ഒമാനില്‍ നടക്കുന്ന ഇറാന്‍-അമേരിക്ക ആണവക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയെ ഖത്തര്‍ സ്വാഗതം ചെയ്തു. അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന ഉന്നതതല ചര്‍ച്ചകള്‍ മേഖലയിലെ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായിക്കുമെന്ന് ഖത്തര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പരസ്പര സഹകരണത്തിനും സംഭാഷണത്തിനും പുതിയ ചക്രവാളങ്ങള്‍ തുറക്കാന്‍ സഹായിക്കുന്ന ഒരു സുസ്ഥിര കരാറിലേക്ക് ചര്‍ച്ചകള്‍ നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇരു കക്ഷികളുടെയും നിലപാടുകളില്‍ സമവായം കണ്ടെത്താനുള്ള ഒമാനി നയതന്ത്ര ശ്രമങ്ങള്‍ക്ക് ഖത്തര്‍ അഭിനന്ദനം അറിയിച്ചു. അതേസമയം, അന്താരാഷ്ട്ര പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിന് സംഭാഷണമാണ് ഏറ്റവും നല്ല മാര്‍ഗമെന്ന നിലപാടും ഖത്തര്‍ ആവര്‍ത്തിച്ചു. രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൈവരിക്കുന്നതിനും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി ആഗോള സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയും മന്ത്രാലയം ആവര്‍ത്തിച്ചു.
ഏപ്രില്‍ 12 ന് തലസ്ഥാനമായ മസ്‌കത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചര്‍ച്ചകള്‍ക്ക് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും യുഎസ് പ്രസിഡന്‍ഷ്യല്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദിയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം ഒന്നും ഒമാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Related News